സ്വര്‍ണക്കടത്ത് ,അറസ്റ്റിലായവര്‍ക്ക് ലീഗ് ബന്ധം : കൊടിയേരി
കേരളത്തില്‍ സ്വര്‍ണത്തിന്റെ നിറം പച്ചയും കാവിയുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാതലം വ്യക്തമാക്കുന്നത്.
ലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ ബന്ധുവരെ കേസിസലുണ്ടെന്ന് കോടിയേരി വ്യക്തമാക്കുന്നു. ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ് ലേഖനം പറയുന്നു.
കൊടിയേരിയുടെ ലേഖനത്തില്‍ നിന്ന്
കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാര്‍ നഖശിഖാന്തം എതിര്‍ക്കും. എന്നാല്‍, ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ കുറ്റവാളികള്‍ക്ക് സംരക്ഷണകവചം തീര്‍ക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ പ്രഖ്യാപിത ബിജെപിക്കാരനാണ്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ വിരട്ടിയ ബിഎംഎസ് നേതാവായ ഹരിരാജ്, പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകന്‍ എന്നിവരെല്ലാം കാവിക്കൊടിയുമായി നടക്കുന്ന സംഘപരിവാറുകാരാണ്. വിവാദവനിതയും സംഘവും ഒളിത്താവളം തേടിയെത്തിയതാകട്ടെ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലാണ്. ഇതൊന്നും നിഷേധിക്കാന്‍ ബിജെപി നേതാക്കള്‍ക്കാകില്ല.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ്, മൂവാറ്റുപുഴയിലെ ജലാല്‍, മുഹമ്മദ് ഷാഫി തുടങ്ങിയവരെല്ലാം മുസ്ലിംലീഗുമായി സജീവ ബന്ധമുള്ളവരാണ്. റമീസ് ആകട്ടെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ അടുത്ത ബന്ധുവുമാണ്. കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയ വീടാകട്ടെ യുഡിഎഫ് ബന്ധമുള്ള ആളുടേതുമാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് കേസില്‍ ഏത് പാര്‍ടിക്കാരും സംഘടനകളുമാണ് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിലും എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് എന്‍ഐഎ കരുതുന്ന തീവ്രവാദ വര്‍ഗീയ സംഘടനകളുമായി കൂട്ടുകൂടാനാണ് മുസ്ലിംലീഗും കോണ്‍ഗ്രസും നയിക്കുന്ന യുഡിഎഫിന്റെ തീരുമാനം. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ വഴിതെറ്റല്‍ ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാകും.
കള്ളക്കടത്ത് സ്വര്‍ണത്തിന്റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം. ദുബായില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം വന്നത് ഡിപ്ലോമാറ്റിക് ബാഗിലല്ല എന്നുപറയാന്‍ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? കേസിന്റെ ഗൗരവം കുറച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ പ്രസ്താവനയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് പാഴ്‌സലില്‍ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയില്‍ എന്‍ഐഎ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്ന വിലയിരുത്തല്‍ നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ നടപടി കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാക്കളെ രക്ഷിക്കാനുള്ളതാകണം.