തെളിയുന്നു കൂടുതല്‍ ഗള്‍ഫ് ബന്ധങ്ങള്‍
തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിന് പിന്നിലെ വമ്പന്‍ സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ദുബായില്‍ നിന്ന് കേരളത്തിന് സ്വര്‍ണം അയക്കുന്നവരില്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സ്വപ്‌നയ്ക്കും സന്ദീപും വിചാരിച്ചാല്‍ കേരളത്തിലേക്ക് ഇത്രയും സ്വര്‍ണം വരില്ലന്നും അതിന് പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്ന സൂചന ഇന്നലെ ഹെഡ് ലൈന്‍ കേരള പുറത്തുവിട്ടിരുന്നു. കാലങ്ങളായി ഗള്‍ഫ് കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് സ്വപ്‌നയും സന്ദീപുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.
യതന്ത്ര പാഴ്സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നാണ് റിപ്പോര്‍ട്ട്. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് മൊഴി നല്‍കി. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.
ഫൈസല്‍ ഫരീദിനെ മുന്നില്‍ നിര്‍ത്തി, ദുബായിലെ സ്വര്‍ണ്ണ കടത്ത് നിയന്ത്രിക്കുന്നത് റബിന്‍സാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു. ഏറെ ദുരൂഹതയുള്ള വ്യക്തിയാണ് ഇയാള്‍. റബിന്‍സ് എന്നത് ഇയാളുടെ യഥാര്‍ഥ പേരാണോ വിളിപ്പേരാണോ എന്നതിലും സംശയമുണ്ട്.
കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിന്‍സ്. ദുബായില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളും ഉണ്ട്. നയതന്ത്ര കടത്തിലും നിര്‍ണ്ണായക പങ്കുണ്ട്. നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വര്‍ണം വിറ്റഴിക്കുന്നതിലും പങ്കുണ്ട്. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകും. യുഎഇ പൊലീസില്‍ നിന്നും ഉടന്‍ ഫൈസലിനെ വിട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തില്‍ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കും.
സ്വര്‍ണക്കടത്തു കേസുകളില്‍ വിദേശത്തു നിന്നു സ്വര്‍ണം കയറ്റിവിട്ടതായി സംശയിക്കുന്ന പ്രതിയെ കസ്റ്റംസിനു കിട്ടുന്നത് ഇതാദ്യമാണ്. കസ്റ്റംസ് നിയമത്തിലെ വകുപ്പ് 135 പ്രകാരം പ്രതികള്‍ക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷ 7 വര്‍ഷമാണ്. എന്നാല്‍ ഈ കേസില്‍ കള്ളക്കടത്തു തടയല്‍ നിയമം (കൊഫെപോസ) ചുമത്തി വിചാരണയ്ക്കു മുന്‍പു തന്നെ 1 വര്‍ഷം ജയിലിലടയ്ക്കാം. യുഎപിഎ നിയമപ്രകാരം 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കും. എന്നാല്‍ കൊഫെപോസ പ്രകാരം പ്രതികള്‍ 365 ദിവസം ജയിലില്‍ കിടക്കുമ്പോള്‍ എന്‍ഐഎക്കു കൂടുതല്‍ അന്വേഷണത്തിന് അവസരം ലഭിക്കും. കസ്റ്റംസ് നിയമപ്രകാരം പിടിക്കപ്പെടുമ്പോള്‍ സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ മാത്രമാണു സാധാരണ കേസില്‍ പെടാറുള്ളത്.
നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം അയയ്ക്കാനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ളതെന്ന മട്ടില്‍ െഫെസല്‍ ഫരീദ് നല്‍കിയ രേഖകള്‍ വ്യാജമെന്നു സംശയം ശക്തമാകുകയാണ്. കോണ്‍സുലേറ്റിന്റെ സീലോ ഒപ്പോ ഉണ്ടായിരുന്നില്ലെന്നാണു കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സരിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ബാഗില്‍ നിന്നു കോണ്‍സുലേറ്റിന്റെ വ്യാജമുദ്രകള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പാഴ്സലുകള്‍ വന്ന എമിറേറ്റ്സ് വിമാനത്തിന്റെ ജീവനക്കാരെയും യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെയും അടുത്ത ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യും.