കോണ്‍സുലേറ്റിലേക്ക് കൂടുതല്‍ അന്വേഷണം
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗണ്‍മാന്‍ ജയഘോഷിനെ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
കള്ളക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതിനു പിന്നാലെയാണ് നീക്കം.
നേരത്തേ കസ്റ്റംസ്, എന്‍ഐഎ സംഘങ്ങള്‍ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നും അറ്റാഷെയുടെ ആവശ്യപ്രകാരമാണ് സരിത്തും സ്വപ്നയും കോണ്‍സുലേറ്റില്‍ വന്നിരുന്നതെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. അറ്റാഷെയുടെ നിര്‍ദേശ പ്രകാരം ബാഗേജ് എടുക്കാന്‍ വിമാനത്താവളത്തില്‍ പോയിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.
സരിത്തിനെ ബാഗേജ് എടുക്കാന്‍ വിട്ട ദിവസങ്ങളില്‍ എല്ലാം കോണ്‍സുലേറ്റില്‍ സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്നതായും വിവരമുണ്ട്. ഒളിവില്‍ പോകുംമുമ്പ് സ്വപ്നയും അറ്റാഷെയും തമ്മില്‍ കണ്ടതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അറ്റാഷെയുടെ ഫ്‌ലാറ്റിലായിരുന്നു കൂടിക്കാഴ്ച.
പ്രാഥമിക മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണ് ജയഘോഷിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. സ്വര്‍ണം കടത്തിയ ബാഗ് പിടിച്ചു വെച്ച ശേഷം ജൂലൈ ഒന്നു മുതല്‍ നാല് വരെ സരിതിനെയും സ്വപ്നയേയും ജയഘോഷ് നിരന്തരം ഫോണില്‍ വിളിച്ചു. കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ഇവരെ വിളിക്കേണ്ട സാഹചര്യമില്ല. ഇതക്കുറിച്ചുള്ള മറുപടികള്‍ പരസ്പര വിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ച സ്വപ്നയുടെയും സന്ദീപിനേയും കസ്റ്റഡിയില്‍ കിട്ടിയ ശേഷം വിളിച്ചു വരുത്തുന്ന തീയതി നിശ്ചയിക്കും. ജയഘോഷിന്റെ നിയമനം ഉള്‍പ്പെടെ അന്വേഷണ പരിധിയിലെന്ന് കസ്റ്റംസ് അറിയിക്കുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്‍പിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോണ്‍സുല്‍ ജനറലും പിന്നീട് അറ്റാഷെയും ദുബായിലേക്ക് പോയ കാര്യം ഘോഷ് സ്‌പെഷ്യല്‍ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിനെയോ അറിയിച്ചില്ലെന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ മുഖ്യ കണ്ടെത്തല്‍. സര്‍വീസ് തോക്ക് മടക്കി നല്‍കാന്‍ ജയഘോഷും കോണ്‍സുലേറ്റില്‍ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗണ്‍മാന്‍ അഖിലേഷും തയാറായില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്.
സ്വര്‍ണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപ്പറ്റാന്‍ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തില്‍ ഗണ്‍മാന്‍ ജയഘോഷും ഉണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയത്. എന്നാല്‍ ബാഗിനുള്ളില്‍ സ്വര്‍ണമാണെന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ജയഘോഷ് നല്‍കിയ മൊഴി.
ബാഗില്‍ സ്വര്‍ണമായിരുന്നെന്ന കാര്യം അറിയില്ലായിരുന്നെന്നും പിന്നീട് മാധ്യമ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് അന്വേഷണ ഏജന്‍സിക്ക് ഘോഷ് നല്‍കിയ വിശദീകരണം. സ്വര്‍ണമെത്തിയ ദിവസങ്ങളില്‍ സ്വപ്നയുമായും സരിത്തുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തികച്ചും ഔദ്യോഗികം മാത്രമായിരുന്നെന്നും ഘോഷ് മൊഴി നല്‍കി. ബാഗേജ് ക്ലിയര്‍ ചെയ്യുന്നതിലെ കാലതാമസത്തെ കുറിച്ചു മാത്രമാണ് സംസാരിച്ചതെന്നാണ് വാദം. എന്നാല്‍ ഘോഷിന്റെ വാദങ്ങള്‍ എന്‍ഐഎ പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.