സ്വര്‍ണകടത്ത് ഒതുക്കാന്‍ കേന്ദ്രം, മറയാക്കുക നയതന്ത്രപരിരക്ഷ
ബിജെപിയുടെയും , യു ഡി എഫിന്റെയും കേന്ദ്രങ്ങിളിലേക്ക് നീങ്ങിയ സ്വര്‍ണ കടത്ത് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി നീക്കം. കേരള സംഘവും തമിഴ് നാട് സംഘവും ചേര്‍ന്ന് ഇതിനകം ആറര ടണ്ണോളം സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയ കേസ് ഏഴുവര്‍ഷം മുമ്പ് നടന്ന മറ്റൊരു കള്ളക്കടത്തു കേസുപോലെ നയതന്ത്ര പരിരക്ഷയുടെ മറവില്‍ ഒതുക്കാന്‍ നീക്കം.
ഈ കേസില്‍ തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാവിരി അല് ഷെയ്മിലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ ആവശ്യപ്പെട്ടില്ല.
ജനീവാ കണ്‍വന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷയുടെ പേരില്‍ റാഷിദ് ഖാമിസിനെ ചോദ്യം ചെയ്യാതെ വന്നാല്‍ ഈ സ്വര്‍ണക്കടത്തുകേസ് കടവിലടുപ്പിക്കാന്‍ എന്‍ഐഎയ്ക്ക് പ്രയാസമാവും.
ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള കള്ളക്കടത്തിന്റെ സൂത്രധാരനായ കെ ടി റമീസ് പല തവണ റാഷിദ് ഖാമിസിനെ കണ്ടിരുന്നുവെന്ന് എന്‍ഐഎക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുളള മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് തന്റെ പേരില്‍ നയതന്ത്ര ബാഗേജുകള്‍ അയയ്ക്കാന്‍ റാഷിദ് ഖാമിസ് നല്കിയ കത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ സൂപ്പര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോയ്ക്ക് ലഭിച്ച കാര്യവും നേരത്തെ പുറത്തുവന്നിരുന്നു.
റാഷിദ് ഖാമിസിന്റെ അറിവോടെ അദ്ദേഹത്തിന് കോഴ നല്കിയാണ് കള്ളക്കടത്ത് നടത്തിയിരുന്നതെന്ന് മൊഴി നല്കിയ സ്വപ്നയും സന്ദീപും സരിത്തും ഇപ്പോഴും തലസ്ഥാനത്തെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മാന്‍ അല്‍സാബിയുടെ പേരുകൂടി വലിച്ചിഴയ്ക്കുന്നത് കേസിന് ഒരു നയതന്ത്ര പരിവേഷം നല്‍കാനുള്ള ശ്രമമാണ്.
കേസില്‍ സഹകരിക്കുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ ഏജന്‍സികളുടെ അപേക്ഷ ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും യുഎഇയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ചെറുവിരല്‍ പോലും അനക്കിയില്ല. പിന്നീട് എന്‍ഐഎയുടെ കത്തും രണ്ടാമത്തെ ഓര്‍മ്മപ്പെടുത്തല്‍ കത്തും വിദേശമന്ത്രാലയത്തിനു ലഭിച്ചിട്ടും കേന്ദ്രത്തിനു മിണ്ടാട്ടമില്ലായിരുന്നു. ഓര്‍മ്മപ്പെടുത്തല്‍ കത്ത് വിദേശമന്ത്രാലയത്തിനു ലഭിച്ച ദിവസമായിരുന്നു രണ്ട് ദിവസം ഡല്‍ഹിയിലുണ്ടായിരുന്ന അറ്റാഷെ രാജ്യം വിട്ടത്.
അറ്റാഷെയെ നയതന്ത്ര പരിരക്ഷയുടെ പേരില്‍ കുറ്റവിമുക്തനാക്കുന്നതിന് കീഴ്വഴക്കവും ഇന്ത്യയ്ക്ക് ചൂണ്ടിക്കാണിക്കാം. 2013 മാര്‍ച്ച് 11ന് സിംഗപ്പൂരില്‍ നിന്നും എത്തിയ ഒരു യുഎഇ നയതന്ത്ര പ്രതിനിധിയില്‍ നിന്നും ഡല്‍ഹി കസ്റ്റംസ് 37 കിലോ സ്വര്‍ണം കണ്ടെത്തി. ഇയാള്‍ നയതന്ത്ര പരിരക്ഷ അവകാശപ്പെട്ടെങ്കിലും കസ്റ്റംസ് അധികൃതര്‍ വഴങ്ങിയില്ല. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരു പ്രമുഖ ബിസിനസുകാരന്‍ ഇടപെട്ടിട്ടും എല്ലാം വിഫലമായി.
12 മണിക്കൂറിലേറെ യുഎഇ എംബസിയിലെ ഉന്നതനായ ഇയാളെ തടഞ്ഞുവച്ചിരുന്നു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ യുഎഇയുമായി ബന്ധപ്പെട്ടപ്പോള്‍ അയാളെ സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് സഹിതം യുഎഇ അധികൃതര്‍ തിരിച്ചുവിളിക്കുകയായിരുന്നു. അന്ന് കേസ് അതോടെ അവസാനിക്കുകയായിരുന്നു.
ഗുജറാത്തി ബിസിനസ് ഗ്രൂപ്പുകളാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണം എത്തിക്കുന്നത്. അവര്‍ക്ക് നിലവില്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ വന്‍ ബന്ധങ്ങളാണ്, ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ഹിന്ദു ഫോറങ്ങളുടെ സാമ്പത്തിക അടിത്തരതന്നെ ഗോള്‍ഡ് , ഡയമണ്ട് വ്യാപാരികളാണ്.