ശ്രീ നാരായണഗുരു ശില്‍പ്പങ്ങളിലൂടെ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിലെ ഒന്നാമത്തെ ഖണ്ഡിക ഇങ്ങനെയായിരുന്നു -
'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന് ശ്രീ നാരായണ ഗുരു വിളംബരം ചെയ്തതിന്റെ നൂറാം വാര്‍ഷികമാണ് ഇക്കൊല്ലം. കഴിഞ്ഞ നൂറാണ്ടത്തെ കേരളത്തെ നിര്‍ണയിക്കുന്നതില്‍ സര്‍വ്വപ്രധാനമായ പങ്കുവഹിച്ച ഒരു പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തെ കേരളത്തിലെ ജനങ്ങള്‍ ഇന്നും പിന്തുടരുന്നുവെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നത്തെ സര്‍ക്കാര്‍. എന്നത്തെയുംകാള്‍ ഊക്കോടെ സര്‍വ്വസന്നാഹവുമൊരുക്കി വന്ന എല്ലാ ജാതി വര്‍ഗ്ഗീയ ശക്തികളെയും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. സാമൂഹ്യജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയ സാമ്പത്തിക ദര്‍ശനത്തിലും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് ഒരു വീക്ഷണമുണ്ട്.
സര്‍, എന്റെ വിദ്യാഭ്യാസ കാലത്തെ പഠനവിഷയങ്ങളിലൊന്ന് ശ്രീനാരായണ പ്രസ്ഥാനത്തിലെ ജാതീയതയും വിപ്ലവാത്മകതയേയും കുറിച്ചായിരുന്നു. വിപ്ലവാത്മകത ഏറ്റവും ഉന്നതിയിലെത്തിയ നിമിഷങ്ങളിലൊന്നാണ് പ്രത്യേക ജാതിയിലോ മതത്തിലോ താന്‍ ഉള്‍പ്പെടുന്നില്ല എന്ന് ഗുരുവിന്റെ പ്രഖ്യാപനം. ജാതീയ തിമിരം ബാധിച്ച ചില പ്രമാണിമാര്‍ ഇക്കാലത്താണ് ഗുരുവിനെ തിരസ്‌കരിച്ചതും എതിരായി കേസുപോലും ഫയല്‍ ചെയ്തതും. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സര്‍ക്കാര്‍.''
ഓരോ മേഖലയിലും ഗുരു സൂക്തങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞത്. അതിലൊന്നാണ് ചരിത്രപ്രസിദ്ധമായ ജാതിയില്ലാ വിളംബരത്തിന്റെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരത്ത് ഗുരുവിന്റെ പ്രതിമ. അത് ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്.
ഉണ്ണി കാനായി തയ്യാറാക്കിയിരിക്കുന്ന 8 അടി നീളവും 850 കിലോഗ്രാം ഭാരവുമുള്ള ഈ വെങ്കല പ്രതിമ ഗുരു ശില്‍പ്പങ്ങളില്‍ ഏറ്റവും വലുതാണ്. വെള്ള വസ്ത്രധാരിയായ ധ്യാനഗുരു. മുഖത്തൊരു വിഷാദഭാവമുണ്ടോ? എന്തോ? ഓരോ കലാകാരനും അവരുടേതായ വ്യാഖ്യാനങ്ങള്‍ ഉണ്ടാവും.
ഗുരു അതിനെല്ലാമപ്പുറം. തന്റെ ആദ്യത്തെ പ്രതിമ ഇറ്റലിയില്‍ നിന്ന് തലശ്ശേരിയിലേയ്ക്കുള്ള യാത്രാ മധ്യേ സിലോണില്‍വച്ച് കണ്ടപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയായിരുന്നുവത്രെ. ''ഇത് നമ്മെപ്പോലെ തന്നെ ഇരിക്കുന്നു. ഇതിന് ആഹാരവും വെള്ളവുമൊന്നും വേണ്ടല്ലോ. നീണ്ടകാലം ജീവിച്ചുകൊള്ളും.''
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശില്‍പ്പം രചിക്കാന്‍ മൂര്‍ക്കോത്തു കുമാരന്‍ കണ്ടെത്തിയത് ഇറ്റാലിയന്‍ ശില്‍പ്പി പ്രൊഫ. താവറലിയാണ്. അന്നത്തെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പട്ടത്താരി ശേഖരന്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് പ്രൊഫ. താവറലി പഞ്ചലോഹ പ്രതിമ വാര്‍ത്തെടുത്തത്. പ്രതിമയ്ക്ക് മുന്നോട്ടുള്ളൊരു ചരിവ് ധ്യാനഭാവം കൂട്ടുന്നതേയുള്ളൂ. 1926ല്‍ തീര്‍ത്ത ഇതുതന്നെയാണ് ഇന്നും ഏറ്റവും പ്രശസ്തമായ ശില്‍പ്പം.
അടുത്തൊരു നാഴികക്കല്ല് പശുപതിനാഥ് മുഖര്‍ജി ശിവഗിരിയിലെ വെണ്ണക്കല്‍ ഗുരു ശില്‍പ്പം രൂപം നല്‍കിയതാണ്. ശിവഗിരിയിലെ സ്ഥാനംകൊണ്ട് ഇന്ന് ഏറ്റവും ജനപ്രിയ പ്രതിമ ഇതായിരിക്കും.
ഉണ്ണി കാനായിയെക്കുറിച്ചു പറയുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ശില്‍പ്പകുലപതി കാനായി കുഞ്ഞിരാമന്റെ ഒരു ശില്‍പ്പം എടുത്തു പറയേണ്ടതുണ്ട്. എറണാകുളത്തെ അയ്യപ്പന്‍കാവില്‍ ചെന്നാല്‍ ഈ വ്യത്യസ്തമായ ഗുരു ശില്‍പ്പം കാണാം. ഒരു പക്ഷെ, ഈ ശില്‍പ്പം തീര്‍ത്തപ്പോള്‍ കാനായി കുഞ്ഞിരാമന്‍ വിഗ്രഹഭഞ്ജകനായ ഗുരുവിനെ ഓര്‍ത്തിട്ടുണ്ടാവും.
ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ ഗുരു ശില്‍പ്പങ്ങള്‍ - 200ല്‍പ്പരം - രചിച്ച കലാകാരന്‍ എം.ആര്‍.ഡി ദത്തനാവാം. അദ്ദേഹത്തിന്റെ ഗുരു ശില്‍പ്പങ്ങളുടെ എണ്ണത്തിന്റെ ആധിക്യത്താല്‍ അവ എവിടെയെല്ലാമാണ് സ്ഥാപിച്ചിരിക്കുന്നതെന്നു പറയുക പ്രയാസമാണ്.
കൊച്ചി പൊന്നുരുന്നി അമ്പലത്തിലെ വിഗ്രഹം അദ്ദേഹത്തിന്റെ നല്ലൊരു മാതൃകയാണ്.
എം.ആര്‍.ഡി ദത്തന്‍ ശ്രീ നാരായണ ഗുരുവിന്റെ ശില്‍പ്പങ്ങള്‍ രചിക്കാന്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ അച്ഛനെ പിന്‍പറ്റിക്കൊണ്ടാണ്. അച്ഛന്റെ പേര് രാമന്‍. ആര്‍ടിസ്റ്റ് രാമന്‍ എന്ന് അറിയപ്പെട്ടിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ പിന്‍തുടര്‍ന്ന ആളായിരുന്നു. കല്‍ക്കത്തയില്‍ പോയി കല പഠിച്ചു. തിരിച്ചു വന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പു് കൊച്ചി രാജാവിന്റെ ഔദ്യോഗിക കലാകാരനായി. തൃശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ ആര്‍ടിസ്റ്റ് രാമന്‍ രചിച്ച ശ്രീ നാരായണ ഗുരുവിന്റെ ശില്‍പ്പം ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.
ഊട്ടിയിലെ ഫേണ്‍ ഹില്‍ നാരായണ ഗുരുകുലത്തിലെ ശ്രീ നാരായണ ഗുരു ശില്‍പ്പം പ്രശസ്തമാണ്. ഹരിഹരന്‍ എന്ന മൂത്തകുന്നത്തുകാരനായിരുന്നു ശില്‍പ്പി. വയോധികനായ ശ്രീ നാരായണ ഗുരുവിനെ മാനുഷിക ഭംഗിയോടെ അവതരിപ്പിക്കുന്നതാണ് ഈ ശില്‍പ്പം.
ഈ ശില്‍പ്പത്തിന്റെ ഒരു പതിപ്പ് വര്‍ക്കലയിലുണ്ട്.
അവസാനമായി ഒരു വിവാദ ശില്‍പ്പംകൂടി. റിയാസ് കോമുവിന്റെ ശ്രീനാരായണ ഗുരു ഇത് ഭാഷാപോഷിണിയുടെ മുഖചിത്രമാക്കിയത് ചിലര്‍ വലിയ വിവാദമാക്കി. ഗുരു എന്തു പറഞ്ഞേനേ എന്നുള്ളതിനുള്ള സൂചന 1926 ല്‍ സിലോണില്‍ പറഞ്ഞതില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.
കേരളത്തില്‍ എവിടെയാണ് ഗുരു ശില്‍പ്പം ഇല്ലാത്തത്. എത്രയോ ഗ്രാമീണ കലാകാരന്‍മാരുടേത്. എന്നാല്‍ പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്തേ മഹാഭൂരിപക്ഷത്തിനും ധ്യാനഭാവം? ഭക്തിമാര്‍ഗ്ഗവും ധ്യാനമാര്‍ഗ്ഗവും പോലെതന്നെ ഗുരുവിനു പ്രധാനമായിരുന്നു കര്‍മ്മമാര്‍ഗ്ഗവും. ഈ കര്‍മ്മമാര്‍ഗ്ഗത്തിലാണ് കേരളത്തിലെ എത്രയോ ഉല്‍പതിഷ്ണധാരകള്‍ ഒന്നിച്ചത്. ആലപ്പുഴ തൊഴിലാളിപ്രസ്ഥാന മ്യൂസിയത്തില്‍ ശ്രീനാരായണ ഗുരു ഗാലറി തയ്യാറാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് ആര്‍ടിസ്റ്റ് നമ്പൂതിരിയോടാണ്. ഗുരുവിന്റെ സുപ്രധാന കര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിയട്ടെ.