മലമ്പുഴ ചെറാട് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിക്കാന്‍ ഏറ്റവും തടസം ഭൂപ്രകൃതിയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജ്. മലയുടെ മുകളില്‍നിന്ന് 410 മീറ്റര്‍ താഴ്ചയിലാണ് ബാബു കുടുങ്ങിയത്. മലകയറ്റം തുടങ്ങിയ സേനാംഗങ്ങള്‍ക്ക് 200 മീറ്റര്‍ പിന്നിടാന്‍ നാലു മണിക്കൂര്‍ സമയം വേണ്ടി വന്നു. പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനിന്ന ബാബുവിന്റെ മാനസിക ധൈര്യം പ്രശംസനീയമാണെന്നും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ഹേമന്ത് രാജ് പറഞ്ഞു. ബാബുവിനെ മരണത്തിന്റെ വക്കില്‍നിന്ന് കോരിയെടുത്ത സൈനിക സംഘത്തിന്റെ തലവനായ ഹേമന്ത് രാജ് പ്രളയസമയത്തും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി. വൈകിട്ട് വന്ന വിളി; 15 മിനിറ്റിനുളളില്‍ തയാര്‍ ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിപ്പ് ലഭിച്ച് 15 മിനിട്ടിനുള്ളില്‍ തന്നെ ഊട്ടി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റിലുള്ള സൈനികര്‍ രക്ഷാദൗത്യത്തിനായി ഹേമന്തിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു പുറപ്പെടാന്‍ തയാറായി. ബെംഗളൂരിലെ പാരാ റജിമെന്റല്‍ സെന്ററിലുള്ള കമാന്‍ഡോകളും ഇതോടൊപ്പം കേരളത്തിലേക്കു പുറപ്പെട്ടു. ഗതാഗതതടസ്സം ഒഴിവാക്കാന്‍ വാളയാര്‍ മുതല്‍ ജില്ലാ ഭരണകൂടം നല്‍കിയ സഹായങ്ങള്‍ ദൗത്യം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതായും ഹേമന്ത് രാജ് പറഞ്ഞു. മലമ്പുഴയിലെത്തി കലക്ടറുമായും എസ്പിയുമായ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പകല്‍ ചിത്രീകരിച്ച മലയുടെ ദൃശ്യങ്ങള്‍ കാണിച്ചു. ഗൂഗൂള്‍ മാപ്പും എര്‍ത്തും ഉപയോഗിച്ച് സ്ഥലത്തെക്കുറിച്ച് പഠിച്ചു. മലയിലേക്കു കയറേണ്ട വഴികള്‍ അടയാളപ്പെടുത്തി ഓപ്പറേഷന്‍ പ്ലാന്‍ തയാറാക്കി. ബാബുവിന്റെ ജീവന്‍ അപകടത്തിലായതിനാല്‍ രാത്രി 10.30ന് തന്നെ മലകയറ്റം തുടങ്ങി. പാരാകമാന്‍ഡോകളും ഒപ്പമുണ്ടായിരുന്നു. രണ്ടു സംഘങ്ങള്‍, ബാബുവിനെ തേടി ബാല രണ്ടു രീതിയിലാണ് ഓപ്പറേഷനെ സമീപിച്ചത്. ഏതു സംഘമാണോ ആദ്യം എത്തുന്നത് അവര്‍ക്ക് ഓപ്പറേഷന്‍ ചെയ്യാം. ഡ്രോണ്‍ ദൃശ്യങ്ങളില്‍ കണ്ടതുപോലെയായിരുന്നില്ല നേരിട്ടുള്ള അനുഭവം. കുത്തനെയുള്ള പാറക്കെട്ടായതിനാല്‍ വളരെ സമയമെടുത്താണ് സംഘത്തിനു മുകളിലേക്കു കയറാനായത്. രാത്രി രണ്ടു തവണ സൈന്യം ബാബു കുടുങ്ങി കിടക്കുന്നതിന്റെ 200 മീറ്ററോളം അടുത്തെത്തി സംസാരിച്ചു. സൈന്യം എത്തിയിട്ടുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും ഉച്ചത്തില്‍ പറഞ്ഞ് ബാബുവിന് ധൈര്യം പകര്‍ന്നു. മലയുടെ മുകളില്‍നിന്ന് 410 മീറ്റര്‍ താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നത്. താഴേക്കിറക്കുന്നതായിരുന്നു എളുപ്പം. പക്ഷെ, മലയുടെ ഘടന അതിനു അനുയോജ്യമായിരുന്നില്ല. അതിനാല്‍ മുകളിലേക്കു വലിച്ചു കയറ്റാന്‍ തീരുമാനിച്ചു. മലകയറ്റത്തില്‍ വിദഗ്ധനായ ബാലയെന്ന സൈനികന്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് റോപ്പില്‍ താഴേക്ക് ഇറങ്ങി. ഡ്രോണ്‍ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മലയുടെ മുകളിലുള്ള സംഘം റേഡിയോ സെറ്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി. ''താഴേക്കു വന്ന സൈനികനെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുണ്ടാകൂ. നിരവധി സൈനികരുടെ പിന്തുണയിലും സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ആ സൈനികന്‍ ബാബുവിന്റെ അടുത്തെത്തിയത്. ത്രിതല സുരക്ഷ ഒരുക്കിയാണ് സൈനികനെ താഴേക്ക് ഇറക്കിയത്.''- രക്ഷാപ്രവര്‍ത്തനത്തിനു പിന്നിലെ നടപടികള്‍ ഹേമന്ത് രാജ് വിവരിച്ചു. 40 മിനിട്ട് നീണ്ട ദൗത്യത്തിനൊടുവില്‍ സൈനികന്‍ ബാബുവിനെ തന്റെ ശരീരത്തോട് ചേര്‍ത്ത് ബന്ധിച്ച് മുകളിലേക്കെത്തിയപ്പോള്‍ സൈന്യത്തിന് ജയ് വിളികള്‍ ഉയര്‍ന്നു. മാറ്റുരച്ചത് ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ പാഠങ്ങള്‍ സൈന്യത്തില്‍ ഇത്തരം രക്ഷാദൗത്യങ്ങള്‍ പതിവാണെന്നും ഇത് ജോലിയുടെ ഭാഗം മാത്രമാണെന്നും ഹേമന്ത് രാജ് പറയുന്നു. സൈന്യത്തില്‍ എല്ലാവരും മലകയറ്റത്തില്‍ പരിശീലനം നേടിയിരിക്കും. സൈനിക ജീവിതത്തില്‍ കശ്മീര്‍പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ ഈ പരിശീലനം നിര്‍ബന്ധമാണ്. ഇതുകൂടാതെ മലകയറ്റത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച നിരവധി ആളുകള്‍ കരസേനയുടെ ഭാഗമാണ്. ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്‌കൂള്‍ എന്ന പ്രത്യേക വിഭാഗം തന്നെ പരിശീലനത്തിനായുണ്ട്. മലമ്പുഴയിലെത്തിയ മദ്രാസ് റജിമെന്റിലെ സൈനികരെല്ലാം അവിടെ പരിശീലനം നേടിയവരാണ്. ആധുനിക ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. എവറസ്റ്റ് കീഴടക്കിയ ആളുകളും സിയാച്ചിന്‍ ബാറ്റില്‍ സ്‌കൂളിലെ ആളും സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി മലകയറ്റത്തില്‍ പരിശീലനം നേടിയ ആളും ഈ സംഘത്തില്‍ ഉണ്ടായിരുന്നതായി ഹേമന്ത് രാജ് പറഞ്ഞു. പരിശീലനമാണ് കരുത്ത്; ബാബുവില്‍ നിന്നും പഠിക്കാനുണ്ട് പാഠം ''പരിശീലനം ലഭിച്ചവര്‍ക്ക് സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. അതാണ് പരിശീലനം ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം. ആയിരം മലയുണ്ടെങ്കില്‍ ആയിരം ഘടനയായിരിക്കും. അപ്പോള്‍ ഓരോ സാഹചര്യത്തിനനുസരിച്ച് ഏത് ഉപകരണം പ്രയോഗിക്കണം എന്ന് തീരുമാനമെടുക്കണം.''-ഹേമന്ത് രാജ് പറയുന്നു. ബാബുവില്‍ നിന്നും നമ്മള്‍ പഠിക്കണമെന്നാണ് ഹേമന്ത് രാജിന്റെ അഭിപ്രായം. ബാബു കാട്ടിയ ആത്മധൈര്യവും പ്രായോഗികമായി എങ്ങനെ കാര്യങ്ങളെ നേരിടണമെന്നതും മറ്റുള്ളവര്‍ക്കു മാതൃകയാണ്. ''നമ്മള്‍ പല പ്രശ്‌നത്തിലും ചെന്നു ചാടുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിച്ച് പ്രശ്‌നത്തെ വലുതാക്കും. പക്ഷേ ബാബു അതില്‍നിന്ന് പുറത്തു വരാനുള്ള കാര്യങ്ങളാണ് നോക്കിയത്. പോസിറ്റീവായി കാര്യങ്ങളെ കാണുന്ന, മാനസികമായി നല്ല ധൈര്യമുള്ളയാളാണ്. രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടുന്നതു തന്നെ വലിയ കാര്യമാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ബാബു അതേപോലെ പിന്തുടര്‍ന്നു.''-ഹേമന്ത് രാജ് പറയുന്നു. കശ്മീരിലും വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സ്ഥിരമായി ഇത്തരം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ സംഘത്തിന് ഇത് പ്രയാസമുള്ള കാര്യമായിരുന്നില്ല. ഭൂപ്രകൃതി അറിയാത്തതിനാല്‍ മുകളിലേക്ക് എത്തിപ്പെടുന്നകാര്യം മാത്രമായിരുന്നു പ്രശ്‌നം. മലയില്‍ കുടുങ്ങി മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ ബാബുവിന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു ആശങ്ക. ട്രെക്കിങിനു പറ്റിയ സ്ഥലമല്ല കുറുമ്പാച്ചി മലയെന്ന് ഹേമന്ത് പറയുന്നു. മലകയറ്റത്തില്‍ പരിശീലനം ലഭിച്ചവര്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ടെങ്കിലേ ഇത്തരം സ്ഥലങ്ങളില്‍ പോകാവൂ. ട്രെക്കിങ് പ്രഫഷനലായി പഠിപ്പിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. സുരക്ഷ ഒരുക്കി മാത്രമേ ട്രക്കിങ് ചെയ്യാവൂ എന്നും ഹേമന്ത് രാജ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....