കറുത്ത വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകത്ത് ഉയര്‍ന്നിട്ടുള്ളത്. കോവിഡ് കഴിഞ്ഞാല്‍ ലോക മാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തയായി ഈ കൊലപാതകവും അതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളും മാറിയിരിക്കുന്നു. ട്രംപിന്റെ കാലത്ത് ഭരണസംവിധാനങ്ങള്‍ എത്രമാത്രം വംശീയമായി മാറിയിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമായി ഈ സംഭവത്തെ കാണാം. യഥാര്‍ഥത്തില്‍ നൂറ്റാണ്ടുകളായി കറുത്ത വംശജര്‍ അനുഭവിച്ചുവരുന്ന കൊടിയ വിവേചനം ശക്തിപ്പെടുത്തുകയാണ് ട്രംപിന്റെ ഭരണകാലം ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ജനകീയ ചരിത്രമെഴുതിയ ഹവാര്‍ഡ് സിന്‍ ഈ വിഭജനത്തിന്റെയും വെറുപ്പിന്റെയും ചരിത്രത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. 'വര്‍ണരേഖയുടെ വര' ( ഡ്രോയിങ് ദ കളര്‍ ലൈന്‍ ) എന്ന രണ്ടാമത്തെ അധ്യായത്തിന്റെ തുടക്കത്തില്‍ ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്. ' ലോകത്ത് അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തും വംശീയത ഇത്രയും പ്രാധാന്യത്തോടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്നില്ല. നിറത്തിന്റെ വിഭജനരേഖ ഇപ്പോഴും നിലനില്‍ക്കുന്നു. ചരിത്രപരമായ ചോദ്യം അവശേഷിക്കുന്നു. എന്നാണ് ഇത് തുടങ്ങിയത്? അതിനേക്കാള്‍ പ്രധാനം എന്നായിരിക്കും ഇത് അവസാനിക്കുന്നത്? മറ്റൊരുതരത്തില്‍ ചോദിച്ചാല്‍ പകയോടുകൂടിയല്ലാതെ അമേരിക്കയില്‍ വെളുത്ത വംശജര്‍ക്കും കറുത്തവംശജര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയുമോ?'എണ്‍പതുകളിലാണ് സിന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. വെളുത്തവരുടെ ആധിപത്യത്തിലേക്ക് നയിച്ച ചരിത്രവും അതില്‍ വീണ കറുത്തവംശജരുടെ രക്തവും ജീവനും അദ്ദേഹം ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. കൊളംമ്പസ് 1492ല്‍ അമേരിക്ക 'കണ്ടുപിടിക്കുമ്പോള്‍' അവിടെയുണ്ടായ തദ്ദേശീയര്‍ ആദ്യമായി കണ്ട വെള്ളക്കാരെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍, അവരെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ചോരവാര്‍ന്നൊലിക്കുന്ന ചരിത്രം സിന്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പിന്നീട് അടിമകളായി കൊണ്ടുവന്ന കറുത്തവംശജരുടെ ദുരിതപര്‍വവും ജനകീയ ചരിത്രത്തില്‍ വായിച്ചെടുക്കാം. അടിമത്തത്തിനെതിരായി പിന്നീട് പല ഘട്ടങ്ങളിലും ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നിനെ സംബന്ധിച്ച് കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് ഏംഗല്‍സിന് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന് തൊട്ടുമുമ്പാണത്. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ''എന്റെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തു നടക്കുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടയൊന്ന് ജോണ്‍ ബ്രൗണിന്റെ കൊലപാതകത്തിനുശേഷം ആരംഭിച്ച അമേരിക്കയിലെ അടിമകളുടെ മുന്നേറ്റമാണ്.'' 1861 ജനുവരിയിലാണ് മാര്‍ക്‌സ് ഏംഗല്‍സിന് ഈ കത്ത് എഴുതുന്നത്. എബ്രാഹാം ലിങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രസന്ദര്‍ഭത്തിനും അദ്ദേഹം അധികാരം ഏറ്റെടുക്കുന്നതിനുമിടയിലുള്ള സമയത്താണ് ഈ കത്ത്. ഇതില്‍ പരാമര്‍ശിക്കുന്ന ജോണ്‍ ബ്രൗണ്‍ അതിസാഹസികമായ രീതിയില്‍ അടിമകളുടെ വിമോചനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. 1859 ഡിസംബര്‍ രണ്ടിന് അദ്ദേഹത്തെ തൂക്കിക്കൊന്നു. ഒരിക്കലും തിരുത്താനാകാത്ത പാപമെന്ന് ഈ കൊലപാതകത്തെ വിശേഷിപ്പിച്ച വിക്ടര്‍ ഹ്യൂഗോ, ഈ സംഭവം അമേരിക്കന്‍ ജനാധിപത്യത്തെ പിടിച്ചുലച്ചെന്ന് കൂട്ടിച്ചേര്‍ത്തു. ഫ്‌ലോയിഡിന്റെ കൊലപാതകവും ഇപ്പോള്‍ സമാനമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബ്രൗണിന്റെ കൊലപാതകത്തിനുശേഷമുള്ള സാഹചര്യം അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ഏതു മാനങ്ങളിലേക്ക് വികസിക്കുമെന്ന് പറയാറായിട്ടില്ല. 1852 മുതല്‍ 61 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന്റെ ഘട്ടത്തില്‍ കാറല്‍ മാര്‍ക്‌സ് ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണില്‍ 350 ലേഖനമാണ് എഴുതിയത്. ഏംഗല്‍സ് 125 ലേഖനവും ഇരുവരും ചേര്‍ന്ന് 12 ലേഖനവും എഴുതുകയുണ്ടായി. ഈ ലേഖനങ്ങളിലും ഡ്രിപ്രസേയിലെ ലേഖനങ്ങളിലും അടിമത്തത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ഇരുവരും കറുത്തവംശജരുടെ വിമോചനത്തിനായി നിലയുറപ്പിച്ചു. കറുത്തവരുടെ വിവേചനത്തിന്റെ പ്രശ്‌നത്തെ മാര്‍ക്‌സ് മൂലധനത്തിന്റെ ഒന്നാം വാല്യത്തില്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ' അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്തം റിപ്പബ്ലിക്കിനെ കളങ്കപ്പെടുത്തിക്കൊണ്ടിരുന്ന കാലംവരെ തൊഴിലാളികളുടെ സ്വതന്ത്രമായ പ്രസ്ഥാനങ്ങളെല്ലാം ചേതനയില്ലാതെ കിടക്കേണ്ടിവന്നു. കറുത്ത തൊലിക്ക് അടിമത്തം കല്‍പ്പിക്കുമ്പോള്‍ വെളുത്ത തൊലിക്ക് മാത്രമായി അധ്വാനശക്തിയുടെ വിമോചനം നേടാനാകില്ല. പക്ഷേ, അടിമത്തം അന്ത്യശ്വാസം വലിച്ചപ്പോള്‍ ഒരു പുതിയ ജീവിതം പെട്ടെന്നുതന്നെ അവിടെ ഉയിര്‍കൊണ്ടു. ആഭ്യന്തരയുദ്ധത്തിന്റെ ആദ്യഫലം ഏട്ടുമണിക്കൂറിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ഈ രാജ്യത്തെ തൊഴിലാളികളെ മുതലാളിത്തത്തിന്റെ അടിമത്തത്തില്‍നിന്ന് രക്ഷിക്കാന്‍ ഈ അവസരത്തില്‍ ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് അമേരിക്കന്‍ ഐക്യനാടുകളിലെ എല്ലാ സ്റ്റേറ്റുകളിലും സാധാരണ തൊഴില്‍സമയം എട്ടുമണിക്കൂറായി ക്ലിപ്തപ്പെടുത്തുന്ന നിയമം പാസാക്കുകയാണ്.'' (മൂലധനം ഒന്നാം വാല്യം. പേജ് 471, എസ്പിസിഎസ്, 2010) കറുത്ത വംശജര്‍ സാമൂഹ്യമായ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മാര്‍ക്‌സ് അവരുടെ അടിമത്തം നിലനില്‍ക്കുന്നിടത്തോളം വെള്ളക്കാര്‍ക്കും വിമോചനമില്ലെന്ന് പ്രഖ്യാപിക്കുന്നു. വംശീയ വിവേചനത്തിന്റെ പ്രശ്‌നം മേല്‍ക്കൂരയുടെമാത്രം പ്രശ്‌നമല്ലെന്നും അത് അടിത്തറയുടെകൂടി പ്രശ്‌നമാണെന്നുമാണ് മാര്‍ക്‌സ് സൂചിപ്പിക്കുന്നത്. അതോടൊപ്പം തൊഴിലാളി അനുഭവിക്കുന്ന ചൂഷണത്തിനെതിരായി വര്‍ഗസമരം ശക്തിപ്പെടുത്തലാണ് കൂലിഅടിമത്തം അവസാനിപ്പിക്കാന്‍ ആവശ്യമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ ഡിഡി കൊസാംബി പറയുന്നതും സമാനമാണ്. ' ജാതിയെന്നത് ഉല്‍പ്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വര്‍ഗംതന്നെയാണ്. ഏറ്റവും ചുരുങ്ങിയ ബലപ്രയോഗംകൊണ്ട് മിച്ചം കവര്‍ന്നെടുക്കുന്നതിനുള്ള പൊതുബോധത്തെ സൃഷ്ടിക്കുന്ന മതപരമായ സംവിധാനം കൂടിയാണ്.'' അതുകൊണ്ടാണ് ജാതിയെന്നത് സൈദ്ധാന്തിക കാഴ്ചപ്പാടില്‍ മേല്‍ക്കൂരയുടെ ഭാഗം മാത്രമല്ലെന്നും അത് സാമൂഹ്യ--സാമ്പത്തിക അടിത്തറയില്‍ ഉള്‍ച്ചേര്‍ന്നതാണെന്നും പറയുന്നത്. ജാതീയമായ വിവേചനത്തിന്റെ സാമൂഹ്യപ്രശ്‌നം തൊഴിലാളിവര്‍ഗം സവിശേഷമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമായി മാറുന്നത് ഈ കാഴ്ചപ്പാടിലാണ്. അടിത്തറയുടെകൂടി ഭാഗമായി ഉള്‍ച്ചേര്‍ക്കപ്പെട്ടതായതുകൊണ്ടാണ് അമേരിക്ക മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോഴും വംശീയവിവേചനം ശക്തമായി തുടരുന്നത്. മേല്‍ക്കൂരയുടെമാത്രം പ്രശ്നമായിരുന്നെങ്കില്‍ അടിമത്തം അവസാനിക്കുകയും മുതലാളിത്തം ശക്തിപ്പെടുകയും ചെയ്യുന്നതോടെ വംശീയചിന്തകളും പതുക്കെ പതുക്കെ കാലഹരണപ്പെടണമായിരുന്നു. എന്നാല്‍, തിരിച്ചാണ് സംഭവിക്കുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അതോടൊപ്പം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ വംശീയ, വര്‍ഗീയ ചിന്താഗതികളെ മൂലധനശക്തികള്‍ വളര്‍ത്തുകയും ചെയ്യും. വൈകാരികമായ വിഭജനങ്ങളിലൂടെയും വെറുപ്പിന്റെ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇവര്‍ ശ്രമിക്കുന്നു. ട്രംപ് വംശീയതയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ട്രംപിനെ അധികാരത്തിലേക്ക് എത്തിക്കുന്ന ധ്രുവീകരണവും ഈ പ്രതിസന്ധിയുടെകൂടി ഉല്‍പ്പന്നമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. വംശീയ അജന്‍ഡകളിലൂടെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കുറ്റകരമായ അനാസ്ഥയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ട്രംപും സംഘവും ശ്രമിക്കുന്നു. പ്രക്ഷോഭകാരികളെ വെടിവച്ച് കൊല്ലുന്നതിന് പരോക്ഷമായ ആഹ്വാനമാണ് ട്രംപ് നല്‍കിയത്. ഇന്ത്യയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെയും തോക്ക് ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ ഓര്‍മിപ്പിക്കുന്നതാണ് ട്രംപിന്റെ വെല്ലുവിളിയും. തങ്ങളെ കൊള്ളക്കാരെന്ന് അധിക്ഷേപിച്ച പ്രസിഡന്റിനെതിരെ അമേരിക്ക ലോകത്താകെ നടത്തിയ കൊള്ളയെയുംവരെ ഓര്‍മിപ്പിക്കുന്ന ചരിത്രബോധം നിറഞ്ഞ പ്രതിഷേധ പ്രസംഗങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നു. കേവലം മനുഷ്യാവകാശത്തിന്റെ പ്രശ്‌നം എന്ന നിലയില്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, മനുഷ്യാവകാശത്തിനോടൊപ്പം സാമൂഹ്യവും സാമ്പത്തികവുമായ അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളും ഉയരുന്നുവെന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെ രണ്ടു മേഖല തമ്മിലുള്ള അധികാരത്തിനുള്ള ഏറ്റുമുട്ടലായി ചുരുക്കിക്കാണാന്‍ ശ്രമിച്ച ചിലരുടെ രീതിയെ മാര്‍ക്‌സ് കഠിനമായി വിമര്‍ശിച്ചത് പ്രസക്തം. അടിമത്തത്തിനെതിരായ വിപ്ലവകരമായ മുന്നേറ്റമായാണ് അദ്ദേഹം അതിനെ കണ്ടത്. അടിമത്തം നിയമപരമായി അവസാനിപ്പിക്കുന്നതില്‍ ആഭ്യന്തരയുദ്ധം ചരിത്രപരമായി പങ്കുവഹിച്ചെങ്കിലും വംശീയതയും അസമത്വവും തുടരുമെന്ന യാഥാര്‍ഥ്യം അദ്ദേഹം സൂചിപ്പിച്ചിരുന്നു. കത്രീന കൊടുങ്കാറ്റിന്റെ സന്ദര്‍ഭത്തില്‍ ന്യൂഓര്‍ലൈന്‍സില്‍ കൊല്ലപ്പെട്ട മഹാഭൂരിപക്ഷവും കറുത്ത വംശജരായിരുന്നു. കൊറോണയുടെയും അതിന്റെ ഭാഗമായി ശക്തിപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെയും ഇരകളില്‍ മഹാഭൂരിപക്ഷവും കറുത്തവംശജരാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംഘവും വംശീയ ധ്രുവീകരണത്തിന് ഓരോ സംഭവങ്ങളെയും മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെതിരെ ജനാഭിപ്രായം ശക്തിപ്പെടുന്നുണ്ട്. തീവ്രവംശീയ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആള്‍ക്കൂട്ടങ്ങളെയും ഭരണസംവിധാനങ്ങളെയും ഫാസിസ്റ്റ് രീതിയിലേക്ക് മാറ്റിത്തീര്‍ക്കുന്നതിന്റെ പ്രതിഫലനവും ഈ സംഭവത്തിലും കാണാന്‍ കഴിയും. സമാനമായ അനുഭവങ്ങള്‍ ഇന്ത്യയിലുള്‍പ്പെടെ ഏറിയും കുറഞ്ഞും കാണാന്‍ കഴിയും. ഈ പാരസ്പര്യത്തെ തിരിച്ചറിയുകയും പ്രതിഷേധങ്ങളില്‍ ഐക്യപ്പെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....