അറ്റാഷ മടങ്ങി ഇനി നിര്‍ണ്ണായകം ഫൈസല്‍
വാവദമായ സ്വര്‍ണകടത്ത് കേസില്‍ പ്രതികളുടെ ആരോപണങ്ങള്‍ ചെന്നെത്തിയ അറ്റാഷെ ഇന്ത്യവിട്ടതോടെ ഇനി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക ദുബൈയില്‍ നിന്ന് പിടികൂടേണ്ട ഫൈസലില്‍ നിന്ന്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ഇയാളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി.
പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ ഫൈസല്‍ ഫരീദിന് യു.എ.ഇയില്‍ പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാകും. യു.എ.ഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും അടയും.
കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസല്‍ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ദുബായിലെ താമസസ്ഥലത്ത്നിന്ന് കാണാതാവുകയായിരുന്നു. ഫൈസല്‍ ഫരീദിനെതിരേ എന്‍.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്ന ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ നിര്‍ണായക കണ്ണിയാണ്. ഗള്‍ഫില്‍ സ്വര്‍ണം സംഘടിപ്പിക്കല്‍, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിങ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. മുമ്പും നിരവധി തവണ ഫൈസല്‍ ഇത്തരത്തില്‍ സ്വര്‍ണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിശദീകരണം. തിരുവനന്തപുരത്തെത്തിയ സ്വര്‍ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാര്‍ജാ അതിര്‍ത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്.
അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണു വിവരം. സുഹൃത്തിനെ ഫോണില്‍ വിളിച്ചാണു ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ അതേ സുഹൃത്തുക്കളില്‍ നിന്ന് ഫൈസല്‍ മാറിനില്‍ക്കുന്നുവെന്നാണു വിവരം. ഫൈസല്‍ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോടു സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതല്‍ ഫൈസല്‍ എത്തിയിട്ടില്ല. അതേസമയം, യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാല്‍ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിപ്പിക്കുന്നത് ഗുരുതരമായ 3 വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കല്‍ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറല്‍ കോര്‍ട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നല്‍കുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഫൈസല്‍ ഫരീദിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്നാണ് അറിയിപ്പ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'ഫൈവ് സി' എന്ന കാര്‍ വര്‍ക് ഷോപ്പ് അടഞ്ഞു കിടക്കുകയാണ്. വാടക കുടിശിക സംബന്ധിച്ച തര്‍ക്കത്തില്‍ ഫൈസലും കെട്ടിട ഉടമയും തമ്മില്‍ കേസ് നടക്കുന്നുണ്ട്. ജിമ്മുകളിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ബിസിനസും ഫൈസലിനുണ്ട്.
കസ്റ്റംസിന്റെ എഫ്.ഐ.ആറില്‍ എറണാകുളം സ്വദേശി 'ഫാസില്‍ ഫരീദ്' എന്ന പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത് . സരിത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പേര് വന്നത്. പേരിലെ ആശയക്കുഴപ്പത്തിന്റെ മറവില്‍ കേസില്‍നിന്ന് തത്കാലം ഒഴിഞ്ഞുമാറാം എന്നായിരുന്നു ഫൈസല്‍ ഫരീദ് കരുതിയത്. എന്നാല്‍ എന്‍.ഐ.ഐ. കോടതിയില്‍ അപേക്ഷ നല്‍കി തൃശ്ശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി എന്ന് തിരുത്തിയതോടെയാണ് ഫൈസല്‍ ഫരീദിന്റെ വാദങ്ങള്‍ പൊളിഞ്ഞത്.
സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകള്‍ പൊളിഞ്ഞതോടെ. വര്‍ഷങ്ങളായി ദുബായിലുള്ള ഫൈസലിന് യുഎഇ, സൗദി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസുണ്ട്. സൗദിയില്‍ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവില്‍ ദുബായില്‍ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേര്‍ന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകള്‍ തകര്‍ച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നതെന്ന് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.