മറക്കരുത് ചിങ്ങത്തിലും വേണം സാമൂഹിക അകലം
പട്ടിണിയില്ലാത്ത ഓണത്തിനായാണ് ഇത്തവണ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പതിനൊന്നിനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് സര്‍ക്കാര്‍ ഒരുക്കി. ആളുകളിലേക്ക് എത്തിച്ചു തുടങ്ങി.
കൊവിഡ് രോഗികളുടെ സംഖ്യയോടൊപ്പം രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതും കലിതുള്ളിയെത്തിയ കാലവര്‍ഷം പ്രളയമാകാതെ പെയ്‌തൊഴിഞ്ഞതും ചിങ്ങത്തിലേക്ക് കാലുകത്തുന്ന മലയാളക്കരയ്ക്ക് പ്രത്യാശ നല്‍കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും ഓണക്കാലത്തെ പ്രളയം അപഹരിച്ചെങ്കില്‍ ഇത്തവണ കൊറോണ വൈറസാണ് ആഘോഷത്തിന് മാറ്റു കാണില്ലെന്ന് ഉറപ്പിച്ചത്. ആഘോഷത്തിനുള്ള അവസരമാകുന്നില്ല ഇത്തവണയും ഓണം. സ്‌കൂളുകളും വിനോദ കേന്ദ്രങ്ങളും പൊതു ഇടങ്ങളും ഇനി ഏതാനും മാസങ്ങള്‍ കൂടി അടഞ്ഞുകിടക്കുമെന്ന കയ്പ്പുള്ള യാഥാര്‍ഥ്യം ഏവരും ഉള്‍ക്കൊണ്ടിരിക്കുന്നു.
നമ്മെക്കാള്‍ മികവുള്ള നാടുകളെ വിസ്മയിപ്പിക്കുന്ന പ്രതിരോധമാണ് ഇതുവരേക്കും കേരളം നടത്തിയത്. ആ ഒരുമയുടെയും കരുതലിന്റെയും സന്ദേശം തന്നെയാണല്ലോ ഓണവും ഉദ്‌ഘോഷിക്കുന്നത്. ഇത്തവണ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും ഓണമെന്ന് സര്‍ക്കാരും ജനങ്ങളും ഏകമനസോടെ തീരുമനിക്കണം.
രോഗബാധയ്ക്ക് ശമനമായെന്ന മട്ടില്‍ തിമിര്‍ത്തു കളയാമെന്ന് ചിന്തിക്കുന്നത് നന്നല്ല. കൊവിഡിന് ഇനിയും കാര്യമായ ശമനം വന്നിട്ടില്ലെന്നു തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് കൊവിഡ് കേസുകള്‍ രണ്ട് കോടി കവിഞ്ഞെങ്കിലും ആക്റ്റീവ് കേസുകള്‍ 64 ലക്ഷത്തോളമാണ്. ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗികളുണ്ടാകുന്ന രാജ്യം ഇന്ത്യയാണ്. യുകെ, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി തുടങ്ങി ആദ്യഘട്ടത്തില്‍ രോഗം പടര്‍ന്നുകയറിയ രാജ്യങ്ങളില്‍ രോഗം പിന്‍വാങ്ങിയെങ്കിലും പുതിയ ചില രാജ്യങ്ങളില്‍ പടരുകയാണ്. ടെസ്റ്റിന്റെയും രോഗമുക്തരുടെയും എണ്ണം കൂടുന്നുവെന്നതാണ് ആശ്വാസം പകരുന്നത്. രാജ്യത്ത് ഡല്‍ഹിയിലും ഗുജറാത്തിലും രോഗത്തിന് ശമനമുണ്ടായപ്പോള്‍ പുതിയ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തിന്റെ പകുതിയോളം സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് മേഖലകളായി തുടരുന്നു. ഇതെല്ലാം മനസിലാക്കി ജാഗ്രത പാലിച്ചില്ലെങ്കില്‍ മറ്റൊരു ഓണക്കാലം കൂടി കണ്ണീരിലാകും.
കൊറോണ വൈറസ് ലോക രാജ്യങ്ങളുടെ സമ്പദ്ഘടനയിലേല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതിന്റെ ബലിയാടാണ് കേരളം. വിദേശ രാജ്യങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ജോലി നഷ്ടമായി തിരികെവന്നത്. നാട്ടിലും മറിച്ചല്ല അവസ്ഥ. ജോലി നല്‍കിയിരുന്ന സ്ഥാപനങ്ങളുടെ നില തന്നെ പരുങ്ങലിലായി. ജീവനക്കാരെ പറഞ്ഞു വിട്ടും ചെലവും ശമ്പളവും കുറച്ചും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് പല സ്ഥാപനങ്ങളും. ഈ അവസ്ഥയിലാണ് നമ്മുടെ ഓണക്കമ്പോളങ്ങള്‍ ഉണരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഓണം മുന്നില്‍ക്കണ്ട് ചരക്കുകളും എത്തിത്തുടങ്ങി.
കഴിഞ്ഞ മാസങ്ങളില്‍ ഷോപ്പിങ്ങില്‍ ചില പുതിയ ശീലങ്ങളുണ്ടായിരിക്കുന്നു. അയലത്തെ കടകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ ഹൃദ്യമായി പലര്‍ക്കും തോന്നിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ മുന്നേറ്റം സാധാരണ ജീവിതങ്ങളില്‍ പോലും പ്രതിഫലിച്ചുതുടങ്ങി. ഹോം ഡെലിവറി ഏവര്‍ക്കും പരിചിതമായി. പല കടകളും സ്വന്തം ആപ്പും വാട്‌സപ്പ് ഗ്രൂപ്പുകളും വഴി ഉപഭോക്താവിലേക്ക് നേരിട്ടെത്തുന്നു. തുണിക്കടകളില്‍ ചെന്ന് പഴയതുപോലെ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ് പരിശോധിക്കുന്നത് ഇനി നടപ്പില്ല.
തിക്കും തിരക്കുമുള്ള ഇടങ്ങളില്‍ നിന്ന് കുറച്ചുകാലത്തേക്കു കൂടി മാറി നില്‍ക്കേണ്ടിവരും. ബന്ധുമിത്രാദികളെ കാണാന്‍ പോകുമ്പോഴും ഇക്കാര്യം മനസിലുണ്ടാകണം.