ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ റഷ്യ
വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് 'അപ്രതീക്ഷിതമായ' അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് കൊവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ അമെരിക്കയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണം പുനരാരംഭിക്കൂവെന്ന് പരീക്ഷണത്തിന്റെ ഭാഗമായ ആസ്ട്രസെനക ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷണത്തിലിരിക്കുന്ന ഒരാള്‍ക്ക് പ്രതീക്ഷിക്കാത്ത അസുഖം വന്നത് എന്തുകൊണ്ടെന്നു പരിശോധിക്കുകയാണ്. വാക്‌സിന്റെ പാര്‍ശ്വഫലമാണോ എന്നതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായ ശേഷമേ ഇനി വാക്‌സിന്‍ പരീക്ഷണം തുടരൂവെന്ന് ആസ്ട്രസെനക വക്താവ് പറഞ്ഞു. വാക്‌സിന്‍ നൂറു ശതമാനവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനാണു ശ്രമം.
യുകെയിലെ ഒരാള്‍ക്കാണ് പാര്‍ശ്വഫലമെന്നു കരുതുന്ന അസുഖമുണ്ടായതെന്നാണു റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതു സ്ഥിരീകരിച്ചിട്ടില്ല. വാക്‌സിന്റെ ഏറ്റവും വലിയ പരീക്ഷണമാണ് യുഎസില്‍ നടക്കുന്നത്. ഇതിനായി കഴിഞ്ഞമാസം 30,000 പേരെ ആസ്ട്രസെനക തെരഞ്ഞെടുത്തിരുന്നു. ബ്രിട്ടനിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ആയിരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്.
ഇതിനു പുറമേ മൊഡേണയുടെയും ഫൈസറിന്റെയും വാക്‌സിന്‍ പരീക്ഷണങ്ങളും യുഎസില്‍ അന്തിമ ഘട്ടത്തിലാണ്. ആസ്ട്രസെനകയുടെ വാക്‌സിനുമായി പ്രവര്‍ത്തനത്തില്‍ വ്യത്യാസമുണ്ട് ഈ രണ്ടു വാക്‌സിനുകള്‍ക്കും. ഇപ്പോള്‍ ഒരാളില്‍ കണ്ടിരിക്കുന്ന അപ്രതീക്ഷിത രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാവണമെന്നില്ല. പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിനാളുകളില്‍ ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടാകാം. അത് വാക്‌സിന്റെ പാര്‍ശ്വഫലമാണോ എന്നു പരിശോധിക്കാനാണ് തത്കാലം പരീക്ഷണം നിര്‍ത്തുന്നതെന്നാണ് ആസ്ട്രസെനക വിശദീകരിക്കുന്നത്.
പനിയോ പേശീവേദനയോ പോലെ നിസാര അസുഖമല്ല പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ കാരണമായിട്ടുണ്ടാവുകയെന്നാണ് മറ്റൊരു കൊവിഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രിവാസം ആവശ്യമുള്ള രോഗമാവാം ഉണ്ടായിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.ി ഇതിനിടെ തങ്ങളുടെ നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് റഷ്യ. സ്പുട്‌നിക് 5 വാക്‌സീന്റെ കാര്യത്തില്‍ റഷ്യ ഇന്ത്യയ്ക്കു മുന്നില്‍ വച്ചിരിക്കുന്നത് 2 നിര്‍ദേശങ്ങളാണന്ന റിപ്പോര്‍ട്ടി പുറത്തുവന്നു.
1. വ്യാവസായിക ഉല്‍പാദനത്തില്‍ സഹായിക്കണം. 2. ഈ വാക്‌സീന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഭാഗമാക്കണം. ഉല്‍പാദന കാര്യത്തില്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ കമ്പനികളുമായി ആശയവിനിമയം നടത്തി സന്നദ്ധത അറിയിച്ചെങ്കിലും വാക്‌സീന്‍ ഇന്ത്യയില്‍ ഉപയോഗിക്കണമെങ്കില്‍ മൂന്നാം ഘട്ട പരീക്ഷണം നിര്‍ബന്ധമാണെന്നു കേന്ദ്രം മറുപടി നല്‍കിയിട്ടുണ്ട്.
അടിയന്തര ഘട്ടത്തില്‍ മരുന്നുകളും വാക്‌സീനും പരീക്ഷണ നടപടി പൂര്‍ത്തിയാകും മുന്‍പ് ഉപയോഗിക്കാനാകുമെങ്കിലും അതു വേണ്ട എന്നാണു നിലപാട്. ആദ്യ ഘട്ട ഫലങ്ങളിലെ വിവരങ്ങള്‍ റഷ്യ കൈമാറിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണു വാക്‌സീന്റെ ഫലപ്രാപ്തി, പ്രതിരോധശേഷി ലഭിക്കുന്ന കാലയളവ് തുടങ്ങിയവ നിര്‍ണയിക്കാനാവുക.
മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ ഉപയോഗത്തിലേക്കു കടക്കാനാകില്ലെന്നു നിതി ആയോഗ് അംഗവും ഇന്ത്യയുടെ വാക്‌സീന്‍ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോള്‍ പറഞ്ഞു.
ആരു വാക്‌സീന്‍ വികസിപ്പിച്ചാലും ഉല്‍പാദനത്തില്‍ ഇന്ത്യ നിര്‍ണായകമാകും. ലോകത്തെ പ്രധാന വാക്‌സീന്‍ ഉല്‍പാദക കമ്പനികളില്‍ നല്ലൊരു ഭാഗം ഇന്ത്യയിലാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു മാത്രം പ്രതിമാസം 7 - 10 കോടി ഡോസ് നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഇവരടക്കം എല്ലാ കമ്പനികളോടും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയാണ് വാക്‌സീന്‍ ഉല്‍പാദന രംഗത്തുള്ള മറ്റൊരു പ്രധാന രാജ്യം.