കപില്‍ സിബില്‍ വീണ്ടും രംഗത്ത് അണിയറയില്‍ പിളര്‍പ്പ്
കോണ്‍ഗ്രസിനകത്ത് പുനഃസംഘടനയില്‍ അതൃപ്തി നീറിപ്പുകയുകയാണ്. പാര്‍ട്ടിയില്‍ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി നാമനിര്‍ദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടികളില്‍ പാര്‍ട്ടിക്ക് അകത്ത് അമര്‍ഷം പുകയുന്നു.
ഇക്കാര്യം ഇന്നലെ ഹെഡ് ലൈന്‍ കേരള പുറത്തുവിട്ടിരുന്നു .ഇന്ന് ഇത് മാധ്യമങ്ങളോട് തുറന്നടിക്കുകയാണ് മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍. കത്തയച്ച നേതാക്കളെല്ലാം ചേര്‍ന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായുമാണ് റിപ്പോര്‍ട്ട്.
അതേസമയം, പുനഃസംഘടനയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു. യുവനേതാക്കള്‍ക്കും കൃത്യമായി പ്രാതിനിധ്യം നല്കാന് ശ്രദ്ധിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കുമിടയിലെ ഭിന്നത പരമാവധി പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ പൈലറ്റ് ഒഴിവാക്കപ്പെട്ടതില്‍ രാഹുല്‍ ഗാന്ധിക്കും അസംതൃപ്തിയുണ്ട്, എ കെ ആന്റെണി ഉള്‍പ്പെട്ട സംഘമാണ് ജ്യോതി രാജയ സിന്ധ്യയ്ക്കും സച്ചിന് പൈലറ്റിനും എതിരെ തുടക്കം മുതല്‍ നിന്നിരുന്നത്.
കേരളത്തിന്റെ ചുമതലയില്‍ നിന്ന് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ മുകുള്‍ വാസ്നികിനെ മാറിയത് നേതൃത്വത്തിന്റെ തീരുമാനമല്ല, അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറാന്‍ വാസ്നിക് ഇങ്ങോട്ട് താല്‍പ്പര്യം അറിയിച്ചതാണ്. തന്റെ നിയന്ത്രണത്തില്‍ കേരളത്തിലെ പാര്‍ട്ടി പോകുന്നില്ലന്ന് അദേത്തം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് മൂന്ന് പേര് ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തകസമിതിയില്‍ ഉള്ളതിനാലാണ് ശശി തരൂരിനെ പരിഗണിക്കാത്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി നേതൃത്വത്തിന് അപ്രിയമായേക്കാവുന്ന പല പ്രസ്താവനകളും തരൂര്‍ നടത്തിയതില്‍ വിവാദങ്ങളുയര്‍ന്നിരുന്നതാണ്. നിലവില്‍ ഒരു ഭാരവാഹി തെരഞ്ഞെടുപ്പിന് സാഹചര്യമില്ലെന്നും, എന്നാല്‍ കൃത്യമായ ഒരു സംഘടനാ ചട്ടക്കൂടുണ്ടാക്കേണ്ടത് അനിവാര്യമായതിനാല്‍, നോമിനേഷനിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു ആന്റണിയും കെസി വേണുഗോപലും വ്യക്തമാക്കുന്നു.
ഒരു ശക്തമായ നേതൃത്വമില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്ന് കാണിച്ച്, 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ്, പാര്‍ട്ടിയില്‍ കാര്യമായ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയത്. നിലവില്‍ അധ്യക്ഷയായ സോണിയാഗാന്ധിയെ ദിവസം തോറുമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി അഞ്ചംഗസംഘത്തെ നിയമിച്ചു. എകെ ആന്റണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരെ അംഗങ്ങളായി നിശ്ചയിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പുനഃസംഘടിപ്പിച്ചു. മധുസൂദന്‍ മിസ്ത്രി ഇതിന്റെ അധ്യക്ഷനായി, രാജേഷ് മിശ്ര, കൃഷ്ണ ബയ്രെ ഗൗഡ, എസ് ജോതിമണി, അരവിന്ദര്‍ സിംഗ് ലവ്ലി എന്നിവര്‍ അംഗങ്ങളായി. പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് ഗുലാം നബി ആസാദിനെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ഒഴിവാക്കിയത് അദ്ഭുതത്തോടെയാണ് പലരും കണ്ടത്. എന്നാലിവരെ പ്രവര്‍ത്തകസമിതിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സുര്‍ജേവാലയും ജിതേന്ദ്രസിംഗും, താരിഖ് അന്‍വറും പുതിയ ജനറല്‍ സെക്രട്ടറിമാരായി.