മാരാരിക്കുളം തെക്ക് പഞ്ചായത്ത് കണ്ടയിൻമെന്റ് സോണിലാണ്. 83 പോസിറ്റീവ് കേസുകളും 250 ലധികം ക്വാറൻറ്റൈൻ കേസുകളുമുണ്ട്. ജനങ്ങൾക്ക് ഭയാശങ്കകളും കണ്ടയിൻമെന്റ് സോണുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകളുമുണ്ട്. എങ്ങനെയാണ് ഇത്തരമൊരു പ്രദേശത്ത് ഇടപെടേണ്ടത്?
തീരദേശ വാർഡുകളായ 15, 19 വാർഡുകളിലാണ് ഏറ്റവും കൂടുതൽ വ്യാപനമുള്ളത്. തൽക്കാലം പൊങ്ങ് മത്സ്യബന്ധനം തന്നെ വേണ്ടെന്നു വയ്ക്കുകയാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സ്വയം അച്ചടക്കം പാലിച്ചേപറ്റൂ. ഇന്ന് ഞായറാഴ്ച ദിവസം പള്ളിവികാരിമാർ തന്നെ ഇറങ്ങി. ചില സ്ഥലങ്ങളിൽ കവലകളിൽ നിന്നു സംസാരിക്കുകയും ചെയ്തു. അതേ, സെമിത്തേരിയിൽ ചിതയൊരുക്കിയ പള്ളികൾ തന്നെ. കൂടെ ബ്ലോക്ക് പ്രസിഡന്റ് പ്രസിഡന്റ് ഷീനയും ജയൻ തോമസുമെല്ലാം ഉണ്ടായിരുന്നു.
കണ്ടയിൻമെന്റ് സോണിലെ പ്രവർത്തനം ആലോചിക്കാൻ ചേർന്ന യോഗത്തിൽ ഒരു മെമ്പർ പോസിറ്റീവായിരുന്നു. അതുകൊണ്ട് പഞ്ചായത്തു മെമ്പർമാർ മുഴുവനും ക്വാറന്റൈനിലാണ്. എന്നിരുന്നാലും കുറവൊന്നും ഇല്ല. ജില്ലാ പഞ്ചായത്ത് അംഗം മാത്യു സംഘാടകനായി. കെ.ഡി മഹേന്ദ്രനെപ്പോലുള്ള പാർട്ടി നേതാക്കൻമാരും കച്ചകെട്ടിയിറങ്ങി. യുവജനങ്ങളും പാലിയേറ്റീവ് പ്രവർത്തകരും എല്ലാവരുംകൂടി ചേർന്നപ്പോൾ നല്ലൊരു സംഘം. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളും ജീവതാളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടേയും നേതൃത്വത്തിലായിരുന്നു സന്ദർശനം. 4 പേർ ഉൾപ്പെടുന്ന 30 ഗ്രൂപ്പുകളായി 15, 19 വാർഡുകളിലെ 1200 ലധികം വീടുകളിൽ സന്ദർശനം നടത്തി. ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.
എല്ലാ സുരക്ഷാ മാനദണങ്ങളും പാലിച്ചുകൊണ്ടായിരുന്നു സന്ദർശനം. ഡോക്ടർമാർ, നഴ്സുമാർ, ആശാ പ്രവർത്തകർ, ആരോഗ്യ സേനാംഗങ്ങൾ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്തു. അതുകൊണ്ട് ആരോഗ്യ പരിശോധന ഗൗരവമായി നടത്താൻ കഴിഞ്ഞു. ക്വാറന്റൈൻ വീടുകളിൽ പിപിഇ കിറ്റ് ധരിച്ച സന്നദ്ധപ്രവർത്തകരാണ് പോയത്. ലക്ഷണങ്ങൾ ഉള്ളവരെ തിരിച്ചറിയുക, പനി പരിശോധിക്കുക, മറ്റു രോഗങ്ങളെക്കുറിച്ച് ചോദിച്ച് അറിയുക തുടങ്ങിയവ ഇവരാണ് ചെയ്തത്. സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക്ക് ധരിക്കണമെന്നും അഭ്യർത്ഥിക്കുന്ന ലഘുലേഖയും, പ്രതിരോധ മരുന്നുകളും നല്കി. പ്രായംചെന്നവരും രോഗികളും വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു.
ടെലി-മെഡിസിനുള്ള സംവിധാനം പ്രവർത്തനക്ഷമമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെയും ജീവതാളം പെയിൻ & പാലിയേറ്റീവിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്കിൽ തന്നെ വിപുലമായ കാൾ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ആര്യാട് ബ്ലോക്ക് പ്രദേശത്ത് ഏതു കുടുംബത്തിനും കൊവിഡുമായി ബന്ധപ്പെട്ട് എന്തു പ്രശ്നമുണ്ടെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന ഉറപ്പാണ് ജീവതാളം കൺവീനർ റിയാസ് നൽകുന്നത്.
ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണവും, അവശ്യവസ്തുക്കളും ഉൾപ്പെടെ വീടുകളിൽ എത്തിച്ച് നൽകാനും പരിപാടിയുണ്ട്. ആര്യാട് ഗ്രാമപഞ്ചായത്തിന് കമ്മ്യൂണിറ്റി കിച്ചണുണ്ട്. പക്ഷെ, മുഖ്യ ആശ്രയം പാലിയേറ്റീവ് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നു ജനകീയ ഭക്ഷണശാലകളാണ്. ഇപ്പോൾ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 250 വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനു പരിപാടിയിട്ടിട്ടുണ്ട്.
DYFI നേതൃത്വത്തിൽ അണുനശീകരണവും നടത്തിവരുന്നുണ്ട്. പെട്ടിഓട്ടോയിൽ അണുനാശിനി വെള്ളം നിറച്ച് തെരുവോരങ്ങളും പൊതുസ്ഥലങ്ങളുമെല്ലാം ശുചീകരിക്കുകയാണ് ഇവരുടെ സംഘത്തിന്റെ ചുമതല. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലും ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
ജനകീയ പ്രതിരോധത്തിനു നല്ലൊരു മാതൃകയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്ന പരിപാടി.