സാമ്പത്തിക വളര്‍ച്ച ; 10 ശതമാനത്തോളം ചുരുങ്ങും
:കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടിഞ്ഞു തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക വ്യവസ്ഥ പത്തു ശതമാനത്തോളം ചുരുങ്ങുമെന്നാണ് അവരുടെ കണക്കുകൂട്ടലുകള്‍. തിരിച്ചുവരവ് ക്രമത്തില്‍ പതുക്കെയാവുമെന്നും വിദഗ്ധാഭിപ്രായം.
ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടിയാണ് ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറില്‍ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിലുണ്ടായത്. മൂന്നുമാസ കാലയളവില്‍ ജിഡിപി 23.9 ശതമാനം ചുരുങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഉപയോക്താക്കളില്‍ നിന്നുള്ള ആവശ്യവും മുതല്‍മുടക്കും കുത്തനെ ഇടിഞ്ഞതു വന്‍ തിരിച്ചടിയായി.
തൊട്ടുമുന്‍പുള്ള ജനുവരി- മാര്‍ച്ച് ക്വാര്‍ട്ടറില്‍ 3.1 ശതമാനം വളര്‍ച്ചയായിരുന്നു ജിഡിപിയില്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 5.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇപ്പോള്‍ 24 ശതമാനത്തോളം നെഗറ്റീവ് വളര്‍ച്ച. 1996ല്‍ പാദവാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ഇതുപോലൊരു തിരിച്ചടിയുണ്ടായിട്ടില്ല. വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് ലോക്ഡൗണും നിയന്ത്രണങ്ങളും സൃഷ്ടിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. ദിവസം 75,000ലേറെ പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ആശങ്കാജനകമാക്കുന്നുണ്ട്. ഇനിയും കൊവിഡ് ഗ്രാഫിന്റെ മൂര്‍ധന്യത്തില്‍ എത്തിയിട്ടില്ല ഇന്ത്യ. ലോകത്ത് ഇപ്പോള്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തുന്നത് ഇന്ത്യയിലാണ്. കൊവിഡ് പ്രമുഖ രാജ്യങ്ങളിലെയെല്ലാം സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, പ്രതീക്ഷിച്ചതിലും വലിയ തകര്‍ച്ചയാണ് ഇന്ത്യയിലേതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍- ജൂണില്‍ റഷ്യയില്‍ 8.5 ശതമാനമാണു ചുരുങ്ങിയത്. ഇതു പ്രതീക്ഷിച്ചതിലും കുറവായിരുന്നു. അതേസമയം, ചൈനയില്‍ 3.2 ശതമാനം വളര്‍ച്ചയുണ്ടായി. ജനുവരി- മാര്‍ച്ച് പാദത്തില്‍ ചൈനയിലെ സാമ്പത്തിക വ്യവസ്ഥ 6.8 ശതമാനം ചുരുങ്ങിയിരുന്നു. ഇക്കാലത്ത് റഷ്യയില്‍ 1.6 ശതമാനം വളര്‍ച്ച കാണിച്ചു. പ്രതീക്ഷിച്ചതുപോലെ യുഎസിലാണ് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച അവിടെ ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറില്‍ സാമ്പത്തിക വ്യവസ്ഥ 32.9 ശതമാനം ചുരുങ്ങി. മുഴുവന്‍ ബിസിനസുകളും അടച്ചിടുകയും പതിനായിരക്കണക്കിനാളുകള്‍ക്ക് തൊഴിലില്ലാതാവുകയും ചെയ്തു. തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയില്‍ പ്രതീക്ഷയേകിയ ഏക മേഖല കാര്‍ഷിക രംഗമാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കാര്‍ഷിക ഉത്പാദനം 3.4 ശതമാനം വളര്‍ച്ച നേടി. സേവന മേഖലയിലെ ഏറ്റവും പ്രമുഖമായ ധനകാര്യ സേവനം 5.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയില്‍. വ്യാപാരം, ഹോട്ടല്‍, ഗതാഗത, വിനിമയം മേഖലകളില്‍ 47 ശതമാനം ഇടിവ്. മാനുഫാക്ചറിങ് മേഖല 39.3 ശതമാനവും കണ്‍സ്ട്രക്ഷന്‍ മേഖല 50.3 ശതമാനവും ഖനനം 23.3 ശതമാനവും വൈദ്യുതി- വാതകം മേഖല ഏഴു ശതമാനവുമാണ് ചുരുങ്ങിയത്.
ജൂലൈ- സെപ്റ്റംബര്‍ കാലയളവിലും സാമ്പത്തിക വ്യവസ്ഥയില്‍ ഇടിവുണ്ടാകാമെന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 'ദൈവത്തിന്റെ തീരുമാനം മൂലം' ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ജിഡിപിയില്‍ നെഗറ്റീവ് വളര്‍ച്ചയുണ്ടാകാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ധനമന്ത്രി ദൈവത്തെ കൂട്ടുപിടിച്ചത് പ്രതിപക്ഷത്തുനിന്ന് വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക നടപടികള്‍ ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കൊവിഡ് സാഹചര്യം നേരിടാന്‍ റിസര്‍വ് ബാങ്ക് 1.15 ശതമാനം ഹ്രസ്വകാല പലിശ നിരക്ക് കുറച്ചിരുന്നു. 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കെജും പ്രഖ്യാപിച്ചു. അതൊന്നും സാമ്പത്തിക വ്യവസ്ഥയെ പുനരെടുക്കാന്‍ പര്യാപ്തമായിട്ടില്ല.
അടുത്ത വര്‍ഷത്തോടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്നാണു നിഗമനം. മാനുഫാക്ചറിങ്, സേവന മേഖലകള്‍ ഉണരണം, ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കണം. ഇതു രണ്ടും നിര്‍ണായകമാണ്. പതിനായിരങ്ങള്‍ക്ക് തൊഴിലില്ലാതായിട്ടുണ്ട്. രാജ്യവ്യാപകമായി ബിസിനസുകള്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പു തന്നെ മാന്ദ്യത്തിലേക്കു നീങ്ങിയിരുന്നു ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിങ് മേഖലയിലടക്കം മാന്ദ്യത്തിന്റെ പ്രതിഫലനമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.2 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. മുന്‍വര്‍ഷം 6.1 ശതമാനവും അതിനു മുന്‍വര്‍ഷം ഏഴു ശതമാനവുമുണ്ടായിരുന്നതാണ്.