സ്വര്‍ണ കടത്ത് ദുബായില്‍ അന്വേഷണത്തിന് റോ
നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഘം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആറരടണ്‍ കടത്തിയതായി കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവിടെ തമ്പടിച്ചിട്ടുളള ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് (റോ) വിംഗ് സംഘത്തിനു ലഭിച്ച സൂചനകള്‍ സ്ഥിരീകരിക്കുന്നതാണ് എന്‍ഐഎക്ക് ലഭിച്ച തെളിവുകളെന്നും അറിവായി.
ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ അന്വേഷണ ഏജന്‍സികളുമായി ഇവര്‍ ബന്ധപ്പെട്ടതായി ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മൂന്നര ടണ്‍ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നിട്ടുണ്ടെന്നാണ് രണ്ടാം പ്രതി സ്വപ്ന എന്‍ഐഎക്ക് മൊഴി നല്കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മൂന്നാംപ്രതി സന്ദീപ് നായരുടെ മൊഴിയനുസരിച്ച് ഇതുവരെ രണ്ട് ടണ്‍ സ്വര്‍ണമേ കടത്തിയിട്ടുള്ളു. ഇവരുടെയും ഒന്നാംപ്രതി, യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിന്റെയും മൊഴികള്‍ അന്വേഷണസംഘങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. കള്ളക്കടത്തു സ്വര്‍ണമടങ്ങിയ നയതന്ത്ര പാക്കേജുകളും വ്യാജനയതന്ത്ര പാക്കേജുകളും ദുബായിലെ ഫൈസല്‍ ഫരീദ് അയച്ചിരുന്നത് ദുബായ് സ്‌കൈ കാര്‍ഗോ വഴിയായിരുന്നു. ഈ എയര്‍കാര്‍ഗോ കമ്പനിയില്‍ നിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിലപ്പെട്ട രേഖകളില്‍ നിന്നും കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമായിട്ടുണ്ടെന്നും അറിയുന്നു. നയതന്ത്ര ബാഗേജുകള്‍ യുഎഇയില്‍ നിന്നും തന്റെ പേരിലയയ്ക്കാന്‍ ഈ കേസിലെ മൂന്നാം പ്രതിയും യുഎഇയിലെ യുവമലയാളി
ബിസിനസുകാരനുമായ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷി മെയ്ലി നല്കിയ കത്തിന്റെ പകര്‍പ്പും റോയ്ക്കു ലഭിച്ചതായി സൂചനയുണ്ട്. ഈ കത്ത് ആദ്യ നാല് പ്രതികള്‍ ചേര്‍ന്ന് വ്യാജമായി ചമച്ചതാണെന്നും തെളിവു ലഭിച്ചിട്ടുണ്ട്. സ്വപ്നയും കൂട്ടരു നല്കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ നിന്നും ഏറ്റവുമധികം കള്ളക്കടത്തു നടന്നത് റംസാന്‍ മാസക്കാലത്തും അതിനു തൊട്ടു മുമ്പുള്ള ഒരു മാസവുമായിരുന്നു. ഇരുന്നൂറ് കിലോയോളം സ്വര്‍ണം ഈ കാലയളവില്‍ കടത്തിയതായാണ് റോയ്ക്ക് ലഭിച്ച എയര്‍കാര്‍ഗോ കണ്‍സൈന്‍മെന്റ് രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്.
മേയില്‍ ഇപ്പോള്‍ എന്‍ഐഎയുടെ പിടിയിലുള്ള മുഹമ്മദ് ഷാഫിക്ക് ഒരു തവണ 42 കിലോയും രണ്ടാം തവണ 26 കിലോയുമാണ് കള്ളക്കടത്തായി സ്വര്‍ണം അയച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് സന്ദീപും സരിത്തും ചേര്‍ന്ന് നയതന്ത്ര ബാഗേജുവഴി കള്ളക്കടത്ത് ആരംഭിച്ചതെന്ന മൊഴി കളവാണെന്ന തെളിവുകളാണ് ഇവിടെയുള്ള അന്വേഷണസംഘത്തിന് ലഭിച്ചത്. 2016 ല്‍ സ്വപ്ന കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സെക്രട്ടറി പദവിയിലും സരിത് പിആര്‍ഒ പദവിയിലും കയറിപ്പറ്റിയത് മുതല്‍ തന്നെ കള്ളക്കടത്തും തുടങ്ങിയെന്നാണ് ഫൈസല്‍ ഫരീദ് അയച്ച എയര്‍ കാര്‍ഗോബാഗേജുകളും കണ്‍സൈന്‍മെന്റ് രേഖകളും ചരക്ക് അയയ്ക്കാന്‍ ഒരു മലയാളിയുടെ ദുബായിലെ സുഗന്ധവ്യജ്ഞന ഏജന്‍സിയടക്കം പല വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സംഘടിപ്പിച്ച ഇന്‍വോയിസുകളും തെളിവാകുന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച സുപ്രധാന ഇന്‍വോയിസുകളും 'റോ'ക്ക് ലഭിച്ചതായും അറിയുന്നു.