സോണിയ മാറുന്നു , പകരം ആളില്ലാതെ കോണ്‍ഗ്രസ്
20 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കള്‍ കളത്തിലിറങ്ങിയത് . ഇതോടെ കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയാന്‍ സോണിയ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നു. ഇതോടെ നേതൃമാറ്റ പ്രതിസന്ധി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
പകരം ആര് എന്നതിന് കോണ്‍ഗ്രസിന് ഉത്തരമില്ല. നേതൃത്വം സജീവമല്ലാതായതോടെ യുവാക്കള്‍ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്നും ഇതു പാര്‍ട്ടിക്കു വലിയ ക്ഷീണമായി എന്നും കത്തില്‍ പറയുന്നതു രാഹുല്‍ ഗാന്ധിക്കു നേരെയുള്ള പരോക്ഷമായ വിരല്‍ചൂണ്ടലാണെന്നു വ്യാഖ്യാനമുയര്‍ന്നിട്ടുണ്ട്. കത്തു പുറത്തു വന്നതോടെ ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി നേതാക്കള്‍ രംഗത്തെത്തി. പക്ഷെ അതിന് പഴയ സ്വീകാര്യത കിട്ടിയിട്ടില്ല.
സോണിയ ഗാന്ധി അധ്യക്ഷപദം രാജിവച്ചാലും പുതിയ സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവില്ല. താല്‍ക്കാലിക പ്രസിഡന്റിനെ നിശ്ചയിക്കാനേ പ്രവര്‍ത്തകസമിതിക്കു കഴിയൂ. കോണ്‍ഗ്രസ് ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതും സ്ഥാനമേല്‍ക്കേണ്ടതും പ്ലീനറി സമ്മേളനത്തിലാണ്. പ്ലീനറിയില്‍ എഐസിസി അംഗങ്ങള്‍ക്കു പുറമേ പിസിസി അംഗങ്ങളും പ്രതിനിധികളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കാം.
തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി 10 അംഗ സമിതിയെയും തീരുമാനിക്കണം. മറ്റു തിരഞ്ഞെടുപ്പുകളില്‍ എന്നപോലെ പത്രിക നല്‍കാന്‍ സമയവും അതു പിന്‍വലിക്കാന്‍ 7 ദിവസ സമയവും നല്‍കണം. ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉള്ളൂവെങ്കിലും പ്ലീനറിയിലാണ് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക. ബിജെപിയോടു പോരാടാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതൃമാറ്റം വേണം എന്നാണ് 23 നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പോയ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നാണക്കേടില്‍നിന്നും മധ്യപ്രദേശിലെയും കര്‍ണാടകയിലെയും അധികാരനഷ്ടത്തിന്റെ ഖേദങ്ങളില്‍നിന്നും മുക്തി നേടുന്നതിനു മുന്‍പാണു സോണിയ ഗാന്ധി മൂന്നാമതും ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെടുന്നത്. 1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തില്‍ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. 1999 ല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ സോണിയയുടെ വിദേശ പൗരത്വത്തെയും 2006ല്‍ മന്മോഹന്‍ സര്‍ക്കാരില്‍ ദേശീയ ഉപദേശക സമിതിയുടെ കാബിനറ്റ് റാങ്ക് വഹിക്കാനുള്ള യോഗ്യതയെയും ചോദ്യം ചെയ്തു.
ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.മുതിര്‍ന്ന നേതാക്കളായ മന്മോഹന്‍ സിങ്, എ.കെ.ആന്റണി, മോത്തിലാല്‍ വോറ, അമരീന്ദര്‍ സിങ് തുടങ്ങിയവരുടെ പേരുകള്‍ സംഘടനാതിരഞ്ഞെടുപ്പുവരെ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനൊന്നും യുവാക്കളുടെ പിന്‍തുണയില്ല.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും സോണിയ നയിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയവരാണു കത്തില്‍ ഒപ്പുവച്ചവരില്‍ ഭൂരിഭാഗവും എന്നതില്‍ രാഹുല്‍ ഗാന്ധിയോട് അടുപ്പമുള്ളവര്‍ അസ്വസ്ഥരാണ്. യൂത്ത് കോണ്‍ഗ്രസിലും ദേശീയ വിദ്യാര്‍ത്ഥി യൂണിയനിലും ജനാധിപത്യപരമായി രാഹുല്‍ നടത്തിയ തിരഞ്ഞെടുപ്പിനെ കത്തില്‍ വിമര്‍ശിക്കുന്നതും അവരില്‍ നീരസമുണര്‍ത്തുന്നു.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം വെല്ലുവിളികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി 1969ല്‍ സിന്‍ഡിക്കറ്റില്‍ നിന്നും 1975ല്‍ യുവതുര്‍ക്കികളില്‍ നിന്നും 1978ല്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്നും. രാജീവ് ഗാന്ധിയാകട്ടെ, വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള കലാപത്തെ നേരിട്ടു.
അതേസമയം സോണിയ ഗാന്ധിയെയും രാഹുലിനെയും പിന്തുണച്ചു കൊണ്ട് നേതാക്കളും രംഗത്തുണ്ട്. കോണ്‍ഗ്രസിനു ശക്തിയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണ പ്രഖ്യാപിച്ചു. രാഹുല്‍ നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണു കെപിസിസിക്കുള്ളത്.