ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതായാണു റിപ്പോർട്ട്. നിയമ മന്ത്രാലയം ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികൾ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബെയ്റൂട്ട് തുറമുഖത്തെ ‘ഒഴുകുന്ന ബോംബിനെ’ ആരും ഗൗരവമായി എടുത്തില്ലെന്നാണു സിഎൻഎൻ പുറത്തുവിട്ട രേഖകളിലുള്ളത്.
ഇമെയിൽ, കോടതി രേഖകൾ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് അധികൃതരുടെ അനാസ്ഥ വെളിപ്പെട്ടത്. ആയിരക്കണക്കിനു ടൺ അമോണിയം നൈട്രേറ്റുമായി, ഒരു റഷ്യൻ വിദഗ്ധന്റെ വിശേഷണപ്രകാരം ‘ഒഴുകുന്ന ബോംബ്’, തുറമുഖത്തു നങ്കൂരമിട്ടിരുന്ന കപ്പലാണു സ്ഫോടനത്തിലേക്കു നയിച്ചതെന്നാണു വിലയിരുത്തൽ. ‘അംഗീകരിക്കാനാവില്ല’ എന്നാണു സ്ഫോടനത്തിനു പിന്നാലെ തുറമുഖത്തെ അമോണിയം നൈട്രേറ്റ് ‘കൂമ്പാര’ത്തെക്കുറിച്ച് ലെബനൻ പ്രധാനമന്ത്രി ഹസ്സൻ ഡയബ് പറഞ്ഞത്. എന്നാൽ സർക്കാരും ജുഡിഷ്യറിയും നേരത്തെ അറിഞ്ഞിരുന്നെന്നും സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും രേഖകൾ തെളിയിക്കുന്നു.
2013ൽ ആണ് റഷ്യൻ ഉടമസ്ഥതയിലുള്ള എംവി റോസസ് എന്ന കപ്പൽ 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റുമായി ബെയ്റൂട്ടിൽ വന്നത്. കൃഷിവളമായും ഖനനാവശ്യത്തിനു അമോണിയം നൈട്രേറ്റ് ഉപയോഗിക്കാറുണ്ട്. അമോണിയം, നൈട്രേറ്റ് എന്നിവയുടെ അയോണുകൾ അടങ്ങിയ വെളുത്ത ക്രിസ്റ്റലിൻ ഖരരൂപത്തിൽ കാണപ്പെടുന്ന ഇത് ജലത്തിൽ വളരെയധികം ലയിക്കുന്നു. പ്രധാനമായും നൈട്രജൻ വളമായി കാർഷിക മേഖലയിലാണ് ഉപയോഗിക്കുന്നത്. ഖനനം, ക്വാറി, നിർമാണമേഖലയിൽ ഉപയോഗിക്കുന്ന സ്ഫോടനാത്മക മിശ്രിതങ്ങളുടെ ഘടകമാണു മറ്റൊരു പ്രധാന ഉപയോഗം. വ്യാവസായിക സ്ഫോടകവസ്തു എഎൻഎഫ്ഒ–യുടെ (Ammonium-Nitrate Fuel-Oil / ANFO) പ്രധാന ഘടകമാണിത്.
ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയിൽ പല രാജ്യങ്ങളും അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്നതു നിർത്തുകയോ കുറയ്ക്കുയോ ചെയ്തിട്ടുണ്ട്. അമോണിയം നൈട്രേറ്റ് സ്ഫോടനങ്ങളിൽ നേരത്തെയും നൂറുകണക്കിന് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. റഷ്യൻ കപ്പലിന്റെ ലക്ഷ്യം മൊസാംബിക്ക് ആയിരുന്നു എന്നാണു ലഭ്യമായ വിവരം. എന്നാൽ സാമ്പത്തിക പ്രയാസം കാരണം റൂട്ട് മാറ്റി ബെയ്റൂട്ടിൽ എത്തി. ബെയ്‌റൂട്ട് തുറമുഖത്തു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണു കപ്പൽ നങ്കൂരമിട്ടിരുന്നത്. ‘ഒഴുകിനടക്കുന്ന ബോംബ്’ ആണ് കപ്പലെന്നു കസ്റ്റംസും പ്രാദേശിക ഭരണകൂടവും പലവട്ടം മുന്നറിയിപ്പു നൽകി.
എന്നാൽ കപ്പൽ ഒരിക്കലും ബെയ്റൂട്ടിൽനിന്നു പോയില്ലെന്നും ആരും ഏറ്റെടുത്തില്ലെന്നുമാണു ലെബനൻ കസ്റ്റംസ് ഡയറക്ടർ ബദ്രി ഡാഹെർ പറഞ്ഞത്. മാസങ്ങളോളം കപ്പലിൽ കുടുങ്ങിയ ജീവനക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായതു ബറോഡി ആൻഡ് അസോസിയേറ്റ്സാണ്. ‘കപ്പലിലുള്ള വസ്തുക്കളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്’ കത്ത് രൂപത്തിൽ 2014 ജൂലൈയിൽ ബെയ്റൂട്ട് തുറമുഖത്തിന്റെയും ഗതാഗത മന്ത്രാലയത്തിന്റെയും അധികൃതർക്കു നൽകിയിരുന്നതായി കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവനയിൽ ബറോഡി ആൻഡ് അസോസിയേറ്റ്സ് വ്യക്തമാക്കി. അതേമാസം, കപ്പൽ മുങ്ങാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നും അപകടകരമായ തോതിലുള്ള ലോഡ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഔദ്യോഗികമായി നിയമ മന്ത്രാലയത്തിനു കത്തയച്ചതായി ലാൻഡ് ആൻഡ് സീ മന്ത്രാലയം ഡയറക്ടർ ജനറൽ മറുപടിക്കത്തിൽ അറിയിക്കുകയും ചെയ്തു.
കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താനും മുങ്ങാതിരിക്കാനുമുള്ള നടപടിയെടുക്കാൻ നാവിക അതോറിറ്റിക്കു നിർദേശം നൽകിയതായും ഡയറക്ടർ ജനറൽ അറിയിച്ചെന്നു പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചു ലെബനനിലെ നിയമ, ഗതാഗത മന്ത്രാലയങ്ങളോടും ബെയ്റൂട്ട് തുറമുഖ അധികൃതരോടും പ്രതികരണം തേടിയെങ്കിലും ആരും സംസാരിക്കാൻ തയാറായില്ലെന്നു സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും കപ്പൽ അപകടഭീഷണിയായി അവിടെ തുടർന്നു.