ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്ന് കൈവിട്ടാല്‍ പോലും ബിജെപിക്ക് വലിയ ക്ഷീണമാകും. ചെറിയ തിരിച്ചടി പോലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ബാലികേറാ മലയാകുമെന്നതിനാല്‍ ഏത് വിധേനയും നാലിടത്തും ഭരണംനിലനിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അതേസമയം ഈ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ശക്തമായി തിരിച്ചുവരുമെന്ന് തെളിയിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഭരണമുള്ള പഞ്ചാബ് ഒരുവിധത്തിലും നഷ്ടപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഉത്തരാഖണ്ഡില്‍ ഉറച്ച വിജയപ്രതീക്ഷയിലുമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കഴിഞ്ഞ തവണ ഭരണം നഷ്ടമായ മണിപ്പൂരും ഗോവയും ഇത്തവണ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. നിലമെച്ചപ്പെടുത്താന്‍ എഎപിയും മേല്‍വിലാസം വീണ്ടെടുക്കാന്‍ സമാജ് വാദി പാര്‍ട്ടിയും പുതിയ പരീക്ഷണങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുമ്പോള്‍ പോരാട്ടം തീപാറും. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലേക്കാണെങ്കിലും രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. 403 സീറ്റുകളിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നീ തിയ്യതികളിലായി ഏഴ് ഘട്ടമായാണ് യു.പിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 202 ആണ് രാജ്യത്തെ ഏറ്റവും വലിയ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ വേണ്ട മാന്ത്രിക സംഖ്യ. തുടര്‍ഭരണമെന്ന ആത്മവിശ്വാസത്തില്‍ യോഗി ആദിത്യനാഥും ബി.ജെ.പിയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ രാജ്യത്തെ നിര്‍ണായക സംസ്ഥാനത്ത് ഏത് വിധേനയും അധികാരം പിടിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. കോണ്‍ഗ്രസും, ബി.എസ്.പിയും എസ്.പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഇത് സംസ്ഥാനത്തെ നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ്. മോദി തരംഗം ആഞ്ഞടിച്ച 2017ല്‍ 403 ല്‍ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതെ മത്സരിച്ച ബി.ജെ.പി വന്‍വിജയത്തിന് ശേഷം യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പദം നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലേക്കാണ്. 35 വര്‍ഷത്തിന് ശേഷം ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരു പാര്‍ട്ടി അധികാരത്തിലിരുന്നാലുള്ള ഗുണം മുതല്‍ ആദിത്യനാഥിന്റെ കാലത്തുണ്ടായ വികസനം പ്രവര്‍ത്തനവുമെല്ലാമാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നിരുന്നാലും കര്‍ഷക സമരത്തിന് പശ്ചിമ യു.പിയിലുള്ള സ്വാധീനം, കോവിഡ് മരണങ്ങള്‍, തൊഴിലില്ലായ്മ എന്നിവ മൂലമുള്ള ഭരണവിരുദ്ധ വികാരവും സംസ്ഥാനത്തുണ്ട്. ചെറുപാര്‍ട്ടികളായ അപ്നാദള്‍, നിഷാദ് പാര്‍ട്ടി എന്നിവയാണ് ഇത്തവണ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നാണ് നിലവില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി അവസാനിപ്പിച്ച് 15 ചെറുപാര്‍ട്ടികളുമായുള്ള സഖ്യവും രൂപീകരിച്ചാണ് ഇത്തവണ എസ്.പി പോരിനിറങ്ങുന്നത്. മായാവതിയുടെ ബി.എസ്.പിയും പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇത്തവണ തനിച്ചാണ് പോരിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളിലൊതുങ്ങിയതിന്റെ ക്ഷീണം ഇരുപാര്‍ട്ടികള്‍ക്കും മാറിയിട്ടില്ല. എ.എ.പി, ത്രിണമൂല്‍, ഇടത് പാര്‍ട്ടികള്‍, ഒവൈസിയുടെ എ.ഐ.എം.ഐ.എം എന്നീ പാര്‍ട്ടികളും ചെറിയ സ്വപ്നങ്ങളുമായി രംഗത്തുണ്ട്. അഭിപ്രായ സര്‍വെകളിലും പ്രചാരണ രംഗത്തും ബി.ജെ.പിക്ക് തന്നെയാണ് മുന്‍തൂക്കം. ഗോവ ഗോവയില്‍ കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പതനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് സംസ്ഥാനത്തുണ്ടായത്. 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിരയില്‍ ഇന്നുള്ളത് വെറും രണ്ട് എംഎല്‍എമാര്‍ മാത്രമാണ്. ബാക്കിയുള്ള 15 എംഎല്‍എമാരും കോണ്‍ഗ്രസിനെ കൈവിട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ വെറും കാഴ്ചക്കാരാക്കിയാണ് 13 സീറ്റ് മാത്രമുള്ള ബിജെപി കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം തികച്ച് (21 സീറ്റ്) സംസ്ഥാന ഭരണംപിടിച്ചത്. വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടുകൂടി ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസം തന്നെയാണ് ഇത്തവണയും ബിജെപിയുടെ കരുത്ത്. കോണ്‍ഗ്രസ് ക്യാമ്പിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. നിലനില്‍പ്പിനായുള്ള അഭിമാന പോരാട്ടമായതിനാല്‍ എന്തുവിലകൊടുത്തും അധികാരം പിടിക്കാനുറച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് പ്രചാരണത്തിന് എതിരാളികളെക്കാള്‍ ഒരുപടിമുമ്പേ കോണ്‍ഗ്രസ് തുടക്കമിട്ടു. എന്നാല്‍ അവിടെയും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ള നിലവിലെ എംഎല്‍എ കൂടിയായ അലക്സോ റെജിനോള്‍ഡോയും അവസാനനിമിഷം തൃണമൂലിലേക്ക് ചേക്കേറി. ഈ തിരിച്ചടിയൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പരമാവധി ആത്മവിശ്വാസവും പ്രചോദനവും നല്‍കി മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബിജെപിയെ പിന്തുണച്ചിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ വികസനത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി ബിജെപിയുമായി അകന്നിരുന്നത്. കഴിഞ്ഞ തവണ കിട്ടിയ 13 സീറ്റുകള്‍ ഇത്തവണ 21 സീറ്റുകള്‍ക്ക് മുകളിലേക്കെത്തിക്കാനാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്-ബിജെപി ശക്തികള്‍ക്ക് പുറമേ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഗോവയിലെ ശ്രദ്ധാകേന്ദ്രമാണ്. ബംഗാളിന് പുറത്ത് മമതയുടെ ആദ്യത്തെ ബലപരീക്ഷണമാണ് ഗോവയിലേത്. ഒരുവേരും പറയാനില്ലാത്ത ഗോവയില്‍ ഒന്നില്‍നിന്ന് തുടങ്ങുന്ന തൃണമൂല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് 25 ശതമാനത്തിലേറെ വരുന്ന സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളിലാണ് മമത ലക്ഷ്യമിടുന്നത്. എംജിപി എന്ന പ്രാദേശിക പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാണ് ഗോവയിലെ തൃണമൂലിന്റെ കന്നി അങ്കം. കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലേറോ, ടെന്നീസ് താരം ലിയാഡര്‍ പേസ് തുടങ്ങിയ മുഖങ്ങളെ മുന്‍നിര്‍ത്തി വോട്ടുപിടിക്കുകയാണ് മമതയുടെ തന്ത്രം. ചുരുങ്ങിയ കാലയളവില്‍ ഡല്‍ഹിയിലും പഞ്ചാബിലും ഉണ്ടാക്കിയെടുത്തതിന് സമാനമായ അടിത്തറ ഗോവയിലും സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് എഎപി. തൃണമൂലും എഎപിയും പിടിച്ചെടുക്കുന്ന വോട്ടുകളും ഭരണംപിടിക്കാനുറച്ച് കളത്തിലിറങ്ങുന്ന ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയാണ്. അധികാരം ആര്‍ക്കെന്ന കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പങ്കും നിര്‍ണായമാകും. മണിപ്പൂര്‍ 2017-ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് മണിപ്പൂര്‍. 60 അംഗ നിയമസഭയില്‍ 28 സീറ്റുമായി കോണ്‍ഗ്രസ് അധികാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ 21 സീറ്റുകള്‍ മാത്രം നേടിയ ബിജെപി അധികാരത്തിലേറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പ്രാദേശിക കക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രന്റിനേയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും ലോക ജനക്തി പാര്‍ട്ടിയേയും കൂട്ടുപിടിച്ച് അധികാരത്തിന് വേണ്ട 31 സീറ്റ് ബിജെപി ഒപ്പിച്ചെടുത്തു. ഇതോടെ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി. ഇത്തവണ അധികാരം നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എന്‍ ബീരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പ്രകടനത്തിന് അനുസരിച്ചാകും ജനങ്ങള്‍ ബിജെപിക്ക് വീണ്ടും വോട്ട് നല്‍കുക. ഇത്തവണ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അസം മാതൃകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ നീക്കം. 2016-ല്‍ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ മുഖമായിരുന്നു സര്‍ബാനന്ദ സോനോവാള്‍. എന്നാല്‍ 2021-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രം മാറ്റി. ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ബാറ്റണ്‍ കൈമാറി. അതേ രീതിയാകും മണിപ്പൂരിലും പിന്തുടരുക. നിലവിലെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജത്തിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ആര്‍എസ്എസിന്റെ ഗുഡ്ബുക്കില്‍ ഇടം പിടിച്ചുള്ള ബിശ്വജിത് 2017-ല്‍ മുഖ്യമന്ത്രിയാകാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ബീരെന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതൃത്വം തിരുമാനിക്കുകയായിരുന്നു. ബീരെന്‍ സിങ്ങിനെ ബിജെപിയിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നേതാവ് കൂടിയായ ബിശ്വജിത്ത് അന്ന് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മറുവശത്ത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കൊറുങ്താങ് ജനുവരിയില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലേക്ക് കൂടുമാറി. ഇതിന് പിന്നാലെ നവംബറില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഇമോ സിങ്ങും യാംതോങ് ഹോകിപ്പും മുന്‍ സംസ്ഥാന പ്രസിഡന്റ് ആയ ഗോവിന്‍ദാസ് കൊന്തൗജാമും ബിജെപിയില്‍ ചേര്‍ന്നു. ഈ കൂടുമാറ്റങ്ങള്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാണുണ്ടാക്കിയത്. അതേസമയം ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എന്‍പിപി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രിയായ വൈ ജോയ്കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ വില പേശല്‍ ശക്തി കൂടുമെന്നും അന്ന് വേണമെങ്കില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ ചേര്‍ന്ന് സഖ്യത്തിലെത്തി അധികാരം പങ്കിടാനാകുമെന്ന പ്രതീക്ഷയും ജോയ്കുമാര്‍ പങ്കുവെച്ചിരുന്നു. നാല് എംഎല്‍എമാരുള്ള എന്‍പിപി ബിജെപിയുമായി നല്ല ബന്ധത്തിലല്ല. നാല് എന്‍പിപി മന്ത്രിമാരില്‍ രണ്ടുപേരെ നേരത്തേ ക്യാബിനറ്റില്‍ നിന്നും ബിജെപി പുറത്താക്കിയിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ വലിയ അതൃപ്തിക്ക് കാരണമായി. 2020ലെ അധികാരത്തര്‍ക്കത്തിനിടെ എന്‍പിപി, ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് സഖ്യത്തില്‍ തിരിച്ചെത്തിയിരുന്നു. ഉത്തരാഖണ്ഡ് എഴുപത് സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ഒറ്റ ഘട്ടമായി ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ്. 2017 ന് നടന്ന തിരഞ്ഞെടുപ്പില്‍ 57 സീറ്റ് നേടിയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് പോലും മത്സരിച്ച രണ്ട് സീറ്റുകളൊന്നില്‍ കാലിടറി. സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പിയ്ക്ക് അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യന്ത്രിമാരാണ് ഉണ്ടായിരുന്നത്. ആദ്യ മുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിങ് റാവത്ത് മൂന്ന് വര്‍ഷത്തിന് ശേഷം രാജി വെക്കുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭ എം.പിയായ തിരഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി. നിയമസഭാംഗമല്ലാത്ത തിരഥ് ആറ് മാസത്തിനകം നിയമസഭ അംഗത്വം നേടേണ്ടിയിരുന്നു. കോവിഡ് ഉള്‍പ്പടെയുള്ള കാരണത്താല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തതിനാല്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹവും രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായെത്തി. 2017ല്‍ 11 സീറ്റുകളിലൊതുങ്ങിയ കോണ്‍ഗ്രസിനും പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കാനായി കലാപക്കൊടി ഉയര്‍ത്തിയ ഹരീഷ് റാവത്ത് തന്നെയാണ് ഇത്തവണയും പാര്‍ട്ടിയെ നയിക്കുക. ബി.ജെ.പിയുടെ തമ്മിലടിയും ഭരണത്തിലെ അസ്ഥിരതയും തങ്ങള്‍ക്ക് ഗുണമാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. സ്ഥാനാര്‍ഥികളെ വരെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തും സജീവമായുള്ള അംആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് കണക്കുകൂട്ടലുകള്‍ നടത്തുന്നുണ്ട്. പഞ്ചാബ് ഈയിടെനടന്ന ചില അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത് പഞ്ചാബില്‍ തൂക്കുസഭയെന്നാണ്. 50 മുതല്‍ 56 സീറ്റുകളോടെ എ.എ.പി.യെ ഒന്നാംകക്ഷിയെന്നും 39 മുതല്‍ 45 സീറ്റുകളോടെ കോണ്‍ഗ്രസിനെ രണ്ടാംകക്ഷിയെന്നുമാണ് സര്‍വേ കണക്കാക്കുന്നത്. ഈ സര്‍വേയുടെ ഭൂരിഭാഗവും നടന്നത് കര്‍ഷകസമരം പിന്‍വലിക്കുന്നതിനുമുമ്പാണ്. പക്ഷേ, സമരം പിന്‍വലിച്ച ഉടനെയാണ് പ്രവചനം പുറത്തുവന്നത്. ഈ സര്‍വേകാലം കോണ്‍ഗ്രസില്‍ കടുത്ത സംഘര്‍ഷത്തിന്റെ കാലവുമായിരുന്നു. പൊടുന്നനെ അമരീന്ദര്‍ സിങ്ങിനെ മാറ്റിയതിലുണ്ടായ ആശയക്കുഴപ്പം പി.സി.സി. പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങും തമ്മിലുള്ള സംഘര്‍ഷം എന്നിവ കോണ്‍ഗ്രസിനകത്ത് അസ്വസ്ഥതയും ആശങ്കയുമുണ്ടാക്കിയ സംഭവങ്ങളാണ്. 2017-ല്‍ 77 സീറ്റുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരമേറ്റത്. എ.എ.പി.യില്‍ നിന്നടക്കമുള്ള ഏഴുപേര്‍ കൂടി ചേര്‍ന്നപ്പോള്‍ ഭരണകക്ഷിയുടെ പിന്തുണ 84 ആയി. ഇത്തവണ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ ജനസമ്മതിയിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ (33 ശതമാനം) പട്ടിക ജാതി-വര്‍ഗത്തില്‍നിന്നുള്ള നേതാവാണ് അദ്ദേഹം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും നവജോത് സിങ് സിദ്ദുവും തമ്മിലുള്ള അടിയായിരുന്നു കോണ്‍ഗ്രസിലെ പ്രധാന തലവേദന. ക്യാപ്റ്റനെ മാറ്റിയപ്പോള്‍ മുഖ്യമന്ത്രി ചന്നിക്കെതിരേ തിരിഞ്ഞു പി.സി.സി. പ്രസിഡന്റ് സിദ്ദു. ചന്നിയെ ചെറുതാക്കിക്കാണിക്കാനാണ് സിദ്ദുവിന്റെ ശ്രമം. ചന്നിയുടെ ജനസമ്മതിയെ മറികടന്ന് തനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലല്ലോ എന്നാണ് സിദ്ദുവിന്റെ സങ്കടം. എ.എ.പി.യെ പുകഴ്ത്തി തിരഞ്ഞെടുപ്പനന്തര രാഷ്ട്രീയത്തിലേക്ക് ഒരു കാല്‍ അവിടെയും വെച്ചിട്ടുണ്ട് സിദ്ദു. അതുകൊണ്ടാണ് കോണ്‍ഗ്രസ് സിദ്ദുവിനെ പുറത്താക്കാതിരിക്കുന്നത്. അദ്ദേഹം രാജിവെച്ചിട്ടും കൈവിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസ് വിട്ടാല്‍ സിദ്ദു എ.എ.പി. പ്ളാറ്റ്‌ഫോമിലെത്തും. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. എന്നാല്‍, സിദ്ദു ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടിരിക്കയാണ്. കര്‍ഷകരുടെ ബി.ജെ.പി.വിരുദ്ധ വികാരത്തെയും അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ പാളിച്ചകളെയും മുതലെടുക്കാനാണ് എ.എ.പി. ശ്രമിക്കുന്നത്. സമരരംഗത്തുണ്ടായിരുന്ന കര്‍ഷകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റുകിട്ടാത്തവരും നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരുമായ കോണ്‍ഗ്രസുകാര്‍ അവസാനഘട്ടത്തില്‍ അമരീന്ദറിന്റെ കുടക്കീഴില്‍ അണിനിരക്കാനിടയുണ്ട്. സിഖ് വികാരങ്ങളോട് എപ്പോഴും ചേര്‍ന്നുനിന്ന മുതിര്‍ന്ന നേതാവെന്ന നിലയിലും പട്യാല മഹാരാജാവ് എന്ന പ്രതാപമുള്ള നിലയിലും അമരീന്ദര്‍ സിങ്ങിന് വലിയ ആരാധക വൃന്ദമുണ്ട്. സംസ്ഥാനത്തെ പല ശക്തികേന്ദ്രങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹം ചെലുത്തുന്ന ഭീഷണി അത്ര നിസ്സാരമായി കോണ്‍ഗ്രസിന് തള്ളിക്കളയാനാവില്ല. അമരീന്ദര്‍ സിങ്-ബി.ജെ.പി. സഖ്യവും ചേരുന്നമുറയ്ക്ക് 2022 തിരഞ്ഞെടുപ്പ് ചതുഷ്‌കോണ മത്സരമാകുകയാണ്. എങ്കിലും പ്രധാന മത്സരം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാവാനാണ് സാധ്യത. വിവാദ കാര്‍ഷികനിയമങ്ങളുടെ പേരില്‍ സഖ്യംവിടുകയും കേന്ദ്രസര്‍ക്കാരില്‍നിന്ന് രാജിവെക്കുകയും ചെയ്ത ശിരോമണി അകാലിദള്‍ (ബാദല്‍) നിയമം പിന്‍വലിച്ചിട്ടും ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലാന്‍ തയ്യാറാകാത്തത്, കേന്ദ്രസര്‍ക്കാരിനോട് കൃഷിക്കാര്‍ക്കുള്ള വെറുപ്പ് മാറിയിട്ടില്ല എന്നറിയുന്നതുകൊണ്ടാണ്. ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുചെല്ലുന്നതിനുപകരം ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. എന്നാല്‍, തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ശിരോമണി അകാലിദള്‍ പഴയ ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധ്യമല്ല. ബി.ജെ.പി.യുടെ രാഷ്ട്രീയതന്ത്രം പതിവുപോലെ ഹിന്ദുവികാരം അടിസ്ഥാനമാക്കിയും രാജ്യസുരക്ഷയെ ഉയര്‍ത്തിക്കാട്ടിയുമായിരിക്കും. അതിര്‍ത്തിസംസ്ഥാനമെന്നനിലയ്ക്ക് രാജ്യരക്ഷ വലിയ വികാരമാണ്. കര്‍ഷകസമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സിഖുകാരായിരുന്നു. കോണ്‍ഗ്രസിനെ നയിക്കുന്നത് സിഖുകാരാണ്. മുഖ്യമന്ത്രി ചന്നിയും സിഖ്, പി.സി.സി. പ്രസിഡന്റ് സിദ്ദുവും സിഖ്. ഇതിനെതിരേ ഹിന്ദുവികാരം മുതലെടുക്കാന്‍ ബി.ജെ.പി. മടിക്കാനിടയില്ല. തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള ചാക്കിടലായിരിക്കും ബി.ജെ.പി.യുടെ മറ്റൊരു തന്ത്രം. ഒരു കൂട്ടുകക്ഷി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലം അവര്‍ക്ക് സഹായകമാവാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....